സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സെക്രട്ടേറിയേറ്റ്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം. ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാന്‍ ആയില്ലെന്നും ജാഗ്രത കുറവുണ്ടായെന്നുമാണ് പാര്‍ട്ടി വിമര്‍ശനം.സ്വര്‍ണക്കടത്ത് വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. ശിവശങ്കറിന്റെ ഇടപാടുകള്‍ നിരീക്ഷിച്ചില്ലെന്നും വിവാദങ്ങള്‍ ഊതിപെരുപ്പിക്കാന്‍ പ്രതിപക്ഷത്തിനായെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി.
ശിവശങ്കറിനെ തള്ളിയാണ് മുഖ്യമന്ത്രി യോഗത്തില്‍ സംസാരിച്ചത്. ശിവശങ്കറിന്റെ വീഴ്ചകള്‍ അദ്ദേഹം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിശദീകരിച്ചു. എല്ലാത്തിനും ഉത്തരവാദിത്വം ശിവശങ്കറിന് മാത്രമാണെന്നും ശിവശങ്കറിന് അപ്പുറം തന്റെ ഓഫീസിലെ മറ്റാര്‍ക്കും കേസുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കറിനോട് മൃദുസമീപനം വേണ്ടെന്നാണ് സി.പി.എം നിലപാട്. സ്വര്‍ണക്കടത്ത് കേസ് നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ മാറ്റമുണ്ടാക്കി. അതുകൊണ്ട് തന്നെ സര്‍ക്കാര്‍, പാര്‍ട്ടി നിലപാടുകള്‍ വിശദീകരിച്ച് ആഗസ്റ്റില്‍ വിപുലമായ ക്യാമ്പയിന്‍ നടത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി തലത്തില്‍ അഴിച്ചുപണി വേണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ച എം.വി ജയരാജന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി പോയതിന് ശേഷമാണ് നിയന്ത്രണം ശിവശങ്കറിലേക്ക് എത്തുന്നത്. പുതിയ പശ്ചാത്തലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നോ സംസ്ഥാനകമ്മിറ്റിയില്‍ നിന്നോ ഉള്ള ഒരാള്‍ക്ക് ഓഫീസ് ചുമതല നല്‍കാനും സി.പി.എം ആലോചിക്കുന്നതായാണ് വിവരം.