കേരളം വിടുന്നതിന് മുന്‍പ് സ്വപ്നയും സന്ദീപും രണ്ടു മണിക്കൂറോളം വാളയാറില്‍ തങ്ങി
കൊച്ചി : കേരളം വിടുന്നതിന് മുന്‍പ് സ്വപ്ന സുരേഷും സന്ദീപും വാളയാറില്‍ രണ്ടു മണിക്കൂറോളം തങ്ങിയതായി വിവരം. ഒന്‍പതാം തിയതി ഉച്ചക്ക് ഒന്നര മുതല്‍ മൂന്നര വരെയുള്ള സമയമാണ് ഇവര്‍ ഇവിടെ ചെലവഴിച്ചത്.
സ്വപ്ന സുരേഷ് കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് കടന്നത് വാളയാര്‍ ചെക്പോസ്റ്റ് വഴിയായിരുന്നു. ജൂലൈ 9ന് ഉച്ചക്ക് 1.39നാണ് കെഎല്‍ 01 സിജെ1981 എന്ന മാരുതി എസ് ക്രോസ്സ് കാറില്‍ വാളയാര്‍ ടോള്‍ പ്ലാസ കടന്നത്. വാളയാര്‍ ടോള്‍ പ്ലാസയിലെ 10ആം നമ്പർ ലൈനിലൂടെയാണ് സ്വപ്‌ന കടന്ന് പോയത്. സ്വപ്നയുടെ വാഹനം കടന്ന് പോയ സമയത്ത് ടോള്‍ പ്ലാസയിലെ സി.സി.ടി.വികള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് സൂചന.
അതേസമയം, സംസ്ഥാന പോലീസിലെ ഉന്നതരായ നാല് ഉദ്യോഗസ്ഥർ ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ സഹായം ഇവർ തേടിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. ഈ ഉദ്യോഗസ്ഥർ യു.എ.ഇ. കോൺസുലേറ്റിന്റെ ശുപാർശയിൽ ദുബായ് യാത്ര നടത്തിയിട്ടുണ്ടെന്നാണു വിവരം. ഇത് സ്വപ്നവഴിയാണ് തരപ്പെടുത്തിയതെന്നു കരുതുന്നു.
ഉദ്യോഗസ്ഥരെ സഹായിച്ചതിന് തിരിച്ച് സ്വപ്നയ്ക്ക് എന്തുസഹായമാണ് ലഭിച്ചതെന്നാണ് എൻ.ഐ.എ. പരിശോധിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് സ്വർണം പിടിച്ചതിന്റെ നാലാംദിവസമാണ് സ്വപ്ന കേരളംവിടുന്നത്. ഇതിനിടയിൽത്തന്നെ ഇവരുടെ ഫോട്ടോസഹിതം മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞിരുന്നു. എന്നിട്ടും രക്ഷപ്പെടണമെങ്കിൽ പോലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന സംശയം ബലപ്പെടുന്നുണ്ട്.