ചികിത്സാ സഹായം പങ്കുവയ്ക്കാത്തതിന് ഭീഷണി:ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്
കൊച്ചി : സന്നദ്ധ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന പെൺകുട്ടിയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പെടെ നാലു പേർക്കെതിരേ കേസെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി വർഷയുടെ പരാതിയിലാണ് ചേരാനല്ലൂർ പോലീസ് കേസെടുത്തത്. അമ്മയുടെ കരൾമാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ടാണ് നിരന്തരം ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിയ്ക്കുകയും ചെയ്യ്തു എന്നാണ് പരാതി.
സോഷ്യൽ മീഡിയയിലൂടെ സന്നദ്ധ പ്രവർത്തനം നടത്തുന്ന സാജൻ കേച്ചേരി, ഇവരുടെ സഹായികൾ ആയ സലാം, ഷാഹിദ് എന്നീ നാലു പേർക്കെതിരേയാ ണ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജൂൺ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യർത്ഥിച്ച് വർഷ ഫെയ്സ്ബുക്കിൽ ലൈവിൽ എത്തുന്നത്. വർഷയ്ക്ക് സഹായവുമായി സാജൻ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോൾ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വർഷയോട് സന്നദ്ധ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിന് പെൺകുട്ടി സമ്മതിക്കാതെയായതോടെ നിരന്തരം ഭീഷണി മുഴക്കുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിയ്ക്കുകയും ചെയ്യുകയായിരുന്നു.