സ്വർണ്ണക്കടത്ത്: ഫൈസൽ ഫരീദിനെതിരെ ഇന്റർപോളിന്റെ ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി : സ്വർണക്കടത്ത് കേസിൽ ഒളിവിലുള്ള മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ ഇന്റർപോളിന്റെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്റർ പോളിന്റെ സഹായത്തോടെ ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് ഇന്ത്യ റദ്ദ് ചെയ്തിരുന്നു.
എൻ.ഐ.എ. രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതിയാണ് ഫൈസൽ. വിദേശം കേന്ദ്രീകരിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നതും നടപ്പാക്കിയിരുന്നതും ഫൈസലാണ് എന്നാണ് എൻ.ഐ.എയും കസ്റ്റംസും കണ്ടെത്തിയിരിക്കുന്നത്. കേസിലെ ഭീകരവാദബന്ധം പുറത്തുവരണമെങ്കിൽ ഫൈസൽ ഫരീദിന്റെ പങ്കാളിത്തം കണ്ടെത്തുകയും ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുകയും ചെയ്യണം. ഈ നടപടികളുടെ ഭാഗമായാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ഇയാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം തന്റേതാണെങ്കിലും തനിക്ക് കേസുമായി ബന്ധമില്ലെന്ന വാദവുമായി കേസിന്റെ ആരംഭഘട്ടത്തിൽ ഫൈസൽ രംഗത്തെത്തിയിരുന്നു. ഫൈസലിന്റെ തൃശൂരിലെ വീട്ടില്‍ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. ഈ ബാങ്കുകളില്‍ ഇന്ന് പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകള്‍ ഉണ്ടോ എന്നതും പരിശോധിക്കും. കഴിഞ്ഞ ഒന്നര വര്‍ഷമായി വീട് പൂട്ടികിടക്കുകയായിരുന്നു.