News
കിം പരീക്ഷാ കേന്ദ്രത്തിന് പുറത്ത് സാമൂഹിക അകലം പാലിച്ചില്ല: കണ്ടാലറിയുന്ന 600 പേര്‍ക്കെതിരേ കേസ്
തിരുവനന്തപുരം : കീം എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രത്തിന് പുറത്ത് സാമൂഹിക അകലം പാലിക്കാത്തതിന് കണ്ടാലറിയുന്ന 600 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. മ്യൂസിയം, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി കണ്ടാലറിയുന്ന 300 വീതം പേര്‍ക്കെതിരേയാണ് കേസെടുത്തത്.
വ്യാഴാഴ്ച നടന്ന എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സുകള്‍ക്കായുള്ള കീം പ്രവേശന പരീക്ഷ കഴിഞ്ഞ് പുറത്തേക്കു വരുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും അടക്കമുള്ളവര്‍ സാമൂഹിക അകലം പാലിക്കാതെ തിങ്ങ് നിറഞ്ഞ് നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
തിരുവനന്തപുരത്തെ കോട്ടന്‍ഹില്‍സ് സ്കൂളിനുമുന്നില്‍ സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. പട്ടം സെന്റ്മേരീസ് സ്കൂളുകളിനു മുന്നില്‍ സാമൂഹിക അകലം ലംഘിച്ചവര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്. ഇവരുടെ വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനായി സ്കൂള്‍ അധികൃതരെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രതിരോധ നടപടികളെല്ലാം പാലിച്ച് പരീക്ഷഹാളിലേക്ക് പോയവര്‍ തിരിച്ചുവരുമ്പോഴാണ് എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും ലംഘിച്ച് ആള്‍ക്കൂട്ടമായി മാറിയത്. പരീക്ഷക്ക് ശേഷം വലിയ ഗതാഗതക്കുരുക്കും തിരുവനന്തപുരം നഗരത്തില്‍ അനുഭവപ്പെട്ടിരുന്നു.