Top Stories

രാജ്യത്ത് 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക്‌ കോവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതര്‍ 10,77,618 ആയി. 543 പേരാണ് രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ കൊവിഡ് മൂലം മരിച്ചത്. രാജ്യത്തെ ആകെ കോവിഡ് മരണം 26816 ആയി. 6,77,423 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കാെവിഡ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ആകെ രോഗബാധിതർ 300937 ആയി. മുംബയില്‍ മാത്രം ഒരുലക്ഷം കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ടുചെയ്തത്. 11596 പേർ സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടു

തമിഴ്നാട്ടിലും കര്‍ണാടകത്തിലും നാലായിരത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ടുചെയ്യുന്നത്. രോഗവ്യാപനം തടയാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇവിടങ്ങളില്‍ രോഗികളാകുന്നവരുടെ എണ്ണം കൂടിവരികയാണ്. സമ്പര്‍ക്കത്തിലൂടെ രോഗികളാകുന്നവരുടെ എണ്ണമാണ് കൂടുതല്‍. പലരുടെയും രോഗ ഉറവിടം തന്നെ വ്യക്തമല്ല. രോഗികളുടെ എണ്ണം കൂടിയതിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ കാര്യമായ രോഗലക്ഷണങ്ങള്‍ ഉള‌ളവരെ മാത്രം ആശുപത്രികളില്‍ കിടത്തി ചികിത്സിച്ചാല്‍ മതിയെന്നാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചെറിയ ലക്ഷണങ്ങളുമായി എത്തുന്നവരെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് അയയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

അതേസമയം രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുതുടങ്ങിയത് ആശ്വാസം നല്‍കുന്നുണ്ട്. ഇവിടത്തെ പ്രതിദിന രോഗബാധ ആയിരത്തില്‍ നിന്ന് അഞ്ഞൂറില്‍ താഴെയെത്തിനില്‍ക്കുകയാണ്. കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button