ഇന്ത്യയിൽ കോവിഡ് സമൂഹ വ്യാപനം സംഭവിച്ചതായി ഐഎംഎ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് 19 സമൂഹ വ്യാപനം സംഭവിച്ചു കഴിഞ്ഞതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സ്ഥിതി വളരെ മോശമാകുമെന്നും രോഗവ്യാപനം രൂക്ഷമാകുമെന്നും ഐ.എം.എ ഹോസ്പിറ്റൽ ബോർഡ് ഓഫ് ചെയർപേഴ്സൺ ഡോ.വി.കെ.മോംഗ പറഞ്ഞു.
ഓരോ ദിവസവും 30,000 ത്തിന് എന്ന രീതിയിൽ കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്. ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലേക്കും കോവിഡ് പടർന്നുകൊണ്ടിരിക്കുകയാണ്. ഇത് സ്ഥിതഗതികൾ നിയന്ത്രിക്കുന്നതിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഐ.എം.എ മുന്നറിയിപ്പ് നൽകുന്നു.
തിരുവനന്തപുരം ജില്ലയിലെ രണ്ടു പ്രദേശങ്ങളിൽ കോവിഡിന്റെ സമൂഹ വ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. രാജ്യത്ത് സർക്കാർ തലത്തിൽ സമൂഹ വ്യാപനം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു.
അതേസമയം, സെപ്റ്റംബറില്‍ ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഭീമമായ വര്‍ധനവുണ്ടാകുമെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് പ്രഫ. കെ. ശ്രീകാന്ത് റെഡ്ഡി. ഈ ആഴ്ച ഇന്ത്യയില്‍ രോഗികളുടെ എണ്ണം പത്തു ലക്ഷത്തിനു മുകളിലും മരണമടഞ്ഞവരുടെ എണ്ണം 25,000 ഉം പിന്നിട്ടതോടെ അസുഖം പരത്തുന്ന സൂക്ഷ്മാണുക്കള്‍ കൂടുതല്‍ ശക്തിപ്രാപിച്ചിരിക്കുന്നുവെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.