ആശങ്ക: ബ്രിട്ടണില്‍ നിന്നെത്തിയ യാത്രക്കാർ തെറ്റായ വിലാസം നല്‍കി മുങ്ങി

ന്യൂഡല്‍ഹി : ജനിതക മാറ്റം വന്ന കോവിഡ് വൈറസ് രാജ്യത്ത് ആശങ്ക പടർത്തുന്നതിനിടെ, ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നിരവധി യാത്രക്കാർ തെറ്റായ വിലാസം നല്‍കി മുങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. നൂറോളം പേര്‍ ഇത്തരത്തില്‍ കടന്നുകളഞ്ഞെന്നാണ് സൂചന. തെറ്റായ വിലാസമാണ് വിമാനത്താവളത്തിലെ ആരോഗ്യ ഡസ്‌കില്‍ നല്‍കിയത്.
ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ഭീതിപരത്തിയതോടെ ഒരു മാസത്തിനിടെ രാജ്യത്ത് എത്തിയവര്‍ക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. തുടര്‍ന്ന് ഇവരെ അന്വേഷിച്ച് പോയപ്പോഴാണ് പലരുടേയും വിലാസം തെറ്റാണെന്ന് തെളിഞ്ഞത്. വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേര്‍ തെറ്റായ മേല്‍വിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്കില്‍ നല്‍കിയത്.
നവംബര്‍ 25ന് ശേഷം 33,000 ആളുകളാണ് ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലെത്തിയത്. ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. മുങ്ങിയവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ബ്രിട്ടണേയും ഇന്ത്യയേയും കൂടാതെ ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റസര്‍ലാന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും ജനതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.