News
എറണാകുളം മാർക്കറ്റ് നാളെ മുതൽ പ്രവർത്തമാരംഭിക്കും
കൊച്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച എറണാകുളം മാർക്കറ്റ് നാളെ മുതൽ പ്രവർത്തമാരംഭിക്കും. വ്യാപാരി സംഘടനകളുടെ സംയുക്തസമിതി കളക്ടറുമായും പോലീസ് കമ്മിഷണറുമായും നടത്തിയ ചർച്ചയിലാണ് മാർക്കറ്റ് നാളെ മുതൽ തുറക്കാൻ തീരുമാനമായത്. മാർക്കറ്റിലെ ചില ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ജൂൺ 30 നാണ് എറണാകുളം മാർക്കറ്റ് അടച്ചത്.
ഒരു സമയം പകുതി കച്ചവടസ്ഥാപനങ്ങൾ തുറക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. മൂന്നിലൊന്ന് കടകൾ തുറക്കാമെന്ന വ്യവസ്ഥയായിരുന്നു നേരത്തേ പോലീസ് മുന്നോട്ടുവെച്ചിരുന്നത്. മാർക്കറ്റിലേക്ക് പ്രവേശിക്കുന്നതിനും ഇറങ്ങുന്നതിനും രണ്ടു വീതം കവാടങ്ങൾ വേണമെന്ന് വ്യാപാരികൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഇടവിട്ട ദിവസങ്ങളിൽ റോഡിന്റെ വലതുവശത്തെയും ഇടതുവശത്തെയും കടകൾ തുറക്കുന്ന രീതിയിലാകും മാർക്കറ്റിന്റെ പ്രവർത്തനം. ഒരു സമയം മാർക്കറ്റിലേക്ക് കടത്തിവിടുന്നവരുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാകും. പഴം-പച്ചക്കറി മാർക്കറ്റിൽ സാധനങ്ങൾ ഇറക്കുന്നതിന് പുലർച്ചെ മൂന്നു മുതൽ രാവിലെ ഏഴുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പതിനൊന്നു മണി വരെയാകും പഴം-പച്ചക്കറി മാർക്കറ്റ് പ്രവർത്തിക്കുക.
ഇവിടത്തെ കടകൾ അടച്ച ശേഷമാണ് പലചരക്ക് കടകൾ ഉൾപ്പെടെയുള്ള മറ്റു സ്ഥാപനങ്ങൾ തുറക്കുന്നത്. ബ്രോഡ് വേ, ജ്യൂ സ്ട്രീറ്റ്, മാർക്കറ്റ് റോഡ് തുടങ്ങിയ ഇടങ്ങളിലുള്ള സ്ഥാപനങ്ങളെല്ലാം ഇതിൽപെടും. 11 മുതൽ 6.30 വരെയാണ് ഇവയുടെ പ്രവൃത്തിസമയം.