ചികിത്സാഫണ്ടിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണി: പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കും
കൊച്ചി : അമ്മയുടെ കരൾമാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്കാവശ്യപ്പെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പെൺകുട്ടിയുടെ അക്കൗണ്ടിലേക്കെത്തിയ പണത്തിന്റെ ഉറവിടം അന്വേഷിക്കാനൊരുങ്ങി പോലീസ്. ചികിത്സാ സഹായമായി വൻതുക വന്നതിൽ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്ന ആക്ഷേപം നിലനിൽക്കുന്നതിനാലാണ് പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നത്.
ഏതെല്ലാം അക്കൗണ്ടുകളിൽനിന്ന് എത്ര തുക അക്കൗണ്ടിലേക്ക് വന്നെന്നാണ് പ്രാഥമികമായി അന്വേഷിക്കുക. ഇതിന്റെ ഭാഗമായി കൂടുതൽ അക്കൗണ്ട് വിവരങ്ങൾ തിങ്കളാഴ്ച ശേഖരിക്കും. പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആളുകളെ കണ്ടെത്താനുള്ള അന്വേഷണവും നടക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ സന്നദ്ധ പ്രവർത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി എന്നിവർ പെൺകുട്ടിയെ ഫോണിൽ വിളിച്ച് പണം കിട്ടാൻ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലുണ്ട്. ഇത് ഇവരുടെ നമ്പറുകളിൽനിന്നു വന്ന കോളുകളാണോ എന്ന് പോലീസ് തീർച്ചപ്പെടുത്തും. ഇതുറപ്പിച്ചശേഷമാകും ചോദ്യംചെയ്യുന്ന തലത്തിലേക്ക് അന്വേഷണം നീങ്ങുക.
പെൺകുട്ടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കുനേരെയും അന്വേഷണമുണ്ടാകും. ജൂൺ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യർഥിച്ച് വർഷയെന്ന പെൺകുട്ടി ഫെയ്സ്ബുക്കിൽ ലൈവിൽ എത്തുന്നത്. വർഷയ്ക്ക് സഹായവുമായി സാജൻ കേച്ചേരി പിന്നീട് എത്തി. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോൾ ജോയന്റ് അക്കൗണ്ട് വേണമെന്ന് വർഷയോട് സന്നദ്ധപ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിന് പെൺകുട്ടി സമ്മതിക്കാഞ്ഞതോടെയാണ് ഭീഷണിയുണ്ടായത്.