News

‘ദമ്പതികളായ സിനിമാക്കാർക്ക് ഫൈസലുമായി ബന്ധം; ചില സംവിധായകര്‍ ഫരീദിന്റെ ബിനാമികൾ’: എം.ടി രമേശ്

കോഴിക്കോട് : സ്വർണക്കടത്ത് കേസിൽ ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദുമായി ഇടത് സഹയാത്രികരായ കൊച്ചിയിലെ സിനിമാ ദമ്പതികള്‍ക്ക് ബന്ധമുണ്ടെന്ന് ബിജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു.  പുതുതലമുറ സംവിധായകരുമായും പഴയ തലമുറയിലെ ഒരു പ്രമുഖ സംവിധായകനുമായും ഫരീദിന് അടുത്ത ബന്ധമുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി മലയാള സിനിമാ മേഖല മാറി. ചില സംവിധായകര്‍ ഫരീദിന്റെ ബിനാമികളാണെന്ന ആക്ഷേപവുമുണ്ട്.ഇക്കാര്യത്തില്‍ അമ്മ അടക്കമുള്ള സിനിമാ സംഘടനകൾ മറുപടി പറയണം. ആരോപണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയാണെന്നും എം.ടി രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

സമീപ കാലത്ത് ഇറങ്ങിയ ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്ന സിനിമകള്‍, സംസ്ഥാനത്തെ ഒരു മന്ത്രിയെ പുകഴ്ത്തിയ സിനിമ എന്നിവയൊക്കെ സ്വര്‍ണക്കടത്ത് പണം ഉപയോഗിച്ച് നിര്‍മിച്ചവയാണെന്ന് ആക്ഷേപമുണ്ട്. സിനിമാ ദമ്പതികളുടെ ഫോര്‍ട്ട്‌കൊച്ചിയിലെ സ്ഥാപനത്തില്‍ ഫൈസല്‍ ഫരീദ് സന്ദര്‍ശകനാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. സിനിമാ മേഖലയില്‍ ഉള്ളവര്‍ പങ്കെടുത്ത സിഎഎ വിരുദ്ധ സമരത്തിന് പണം മുടക്കിയതും ഫൈസല്‍ ഫരീദാണ്. സമരത്തിനു ശേഷം നടന്ന പാര്‍ട്ടിയെപ്പറ്റിയും അന്വേഷണം നടത്തണം. കേരളത്തില്‍ നടന്ന ഇന്ത്യാ വിരുദ്ധ സമരങ്ങളുടെ സ്പോണ്‍സറും ഇയാളാണെന്നും രമേശ് പറഞ്ഞു.

യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനായി ജയഘോഷിനെ പുനര്‍നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നയതന്ത്ര നിയമങ്ങള്‍ ലംഘിച്ചുവെന്ന് രമേശ് കുറ്റപ്പെടുത്തി. ജയഘോഷിനെ തന്നെ ഗണ്‍മാനായി വേണമെന്ന് അറ്റാഷെ ആവശ്യപ്പെട്ടോയെന്ന് ഡിജിപി വ്യക്തമാക്കണം. ഇതു സംബന്ധിച്ച എല്ലാ കത്തിടപാടുകളും പുറത്തുവിടണം. നയതന്ത്ര നിയമങ്ങള്‍ ലംഘിച്ച ഡിജിപിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും എം.ടി. രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button