16-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പിതാവടക്കം നാല് പേര് കസ്റ്റഡിയില്‍
കാസർഗോഡ് : നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് ഉൾപ്പടെ അഞ്ച് പേർ പീഡിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷമായി പീഡനം തുടരുന്നതായാണ് പെൺകുട്ടിയുടെ പരാതി. നീലേശ്വരം തൈക്കടപ്പുറത്തെ 16 കാരിയാണ് പീഡനത്തിനിരയായത്. കുട്ടിയുടെ അമ്മാവൻമാർ നൽകിയ പരാതിയിൽ പിതാവിനെയും പ്രദേശവാസികളായ മൂന്ന് യുവാക്കളെയും പോലീസ് പിടികൂടി.
പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. പിതാവും ബന്ധുക്കളും ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് പെൺകുട്ടി നീലേശ്വരം പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കർണ്ണാടക സുള്ള്യ സ്വദേശിയാണ് കുട്ടിയുടെ പിതാവ്. ഇയാൾ നേരത്തെ നാലു പീഡന കേസുകളിൽ പ്രതിയായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയെ സംസ്ഥാനത്തിന് പുറത്തടക്കം കൊണ്ടു പോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. അച്ഛൻ ഏഴാം ക്ലാസ് മുതൽ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിരവധി പേരെ ചോദ്യം ചെയ്യുന്നുണ്ട്. കേസിൽ ഉൾപ്പെട്ട മൂന്നുപേർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.