അറ്റാഷെയ്ക്ക് ഗൺമാനെ നൽകിയത് സർക്കാരിന്റെ താത്പര്യങ്ങൾ നടപ്പിലാക്കാൻ: കെ.സുരേന്ദ്രൻ
കൊച്ചി : സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും പങ്കാളിത്തം കൂടുതൽ തെളിഞ്ഞ് വരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുളള ഐടി,ആഭ്യന്തര വകുപ്പുകളുടെ നിര്‍ലോഭമായ സഹായം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ആത്മഹത്യക്ക് ശ്രമിച്ച യുഎഇ അറ്റാഷെയുടെ ഗൺമാനെ സംസ്ഥാന സർക്കാരിന്റെ സ്ഥാപിത താത്പര്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് നിയോഗിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സുരേന്ദ്രന്റെ ആരോപണം.
സർക്കാരുമായി ബന്ധപ്പെട്ട ഉന്നതൻമാരുടെ കാര്യങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിയമനം നടത്തിയിട്ടുള്ളത്.വിമാനത്താവളവുമായുള്ള ബന്ധം,ഇമിഗ്രേഷൻ, കസ്റ്റംസ് എന്നിവരുമായുള്ള ഇയാളുടെ പരിചയം എന്നിവ മനസ്സിലാക്കിയാണ് നിയമനമെന്നും സുരേന്ദ്രൻ പറഞ്ഞു. സുരക്ഷ പരിഗണിച്ച് കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് ഇത്തരമൊരു ഗൺമാനെ നിയോഗിച്ചതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. അത്തരമൊരു നിർദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകിയിട്ടില്ല. യുഎഇ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സുരക്ഷയൊരുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അറ്റാഷയ്ക്കോ മറ്റോ ഒരു പേഴ്സണൽ ഗൺമാനെ നൽകണമെന്ന് പറഞ്ഞിട്ടില്ലന്നും സുരേന്ദ്രൻ പറഞ്ഞു.
ആഭ്യന്തര വകുപ്പിന് സ്വര്‍ണകടത്തുമായി ബന്ധമുണ്ട്. ഏതൊരു സാധാരണക്കാരനും ഇത് മനസ്സിലാകും. അതിനാല്‍ തന്നെ മുഖ്യമന്ത്രി രാജിവക്കണം. സിപിഎം കേന്ദ്രനേതൃത്വം പിണറായി വിജയനെ ഉപദേശിക്കണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.മുഖ്യമന്ത്രി രാജിവക്കാന്‍ തയ്യാറാകണം ഇല്ലെങ്കില്‍ പാര്‍ട്ടി തീരുമാനം എടുപ്പിക്കണം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ബിജെപി സംസ്ഥാനത്ത് കരിദിനം ആചരിക്കും. സംസ്ഥാനത്ത് 10 ലക്ഷം വീടുകളില്‍ പ്രതിഷേധ ജ്വാല തെളിച്ചും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിക്കും.
മന്ത്രി കെ.ടി.ജലീലിനെതിരെയും സുരേന്ദ്രൻ ആരോപണങ്ങൾ ഉന്നയിച്ചു. വർഗീയ കാർഡിറക്കി ജലീൽ രക്ഷപ്പെടാനുള്ള അവസാന ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. കോൺസുലർ ജനറലുമായി അദ്ദേഹം നടത്തിയ വാട്സാപ്പ് ചാറ്റും വിശ്വാസയോഗ്യമല്ല. സക്കാത്തിന്റെ പേര് പറഞ്ഞാണ് ജലീൽ ഇപ്പോൾ രക്ഷപ്പെടാൻ നോക്കുന്നത്. അതൊന്നും വിലപോവില്ല. വിശ്വാസികളടക്കം അതെല്ലാം തിരിച്ചറിയുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.