സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇടുക്കി സ്വദേശി മരിച്ചു
ഇടുക്കി : സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ (75) ആണ് മരിച്ചത്. ഇന്നലെയാണ് നാരായണന് കോവിഡ് സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം.
നാരായണനും മകനും കഴിഞ്ഞ 16-ാം തിയതിയാണ് തേനിയിൽനിന്ന് ഇടുക്കിയിലെത്തിയത്. രഹസ്യപാതയിലൂടെ എത്തിയ ഇവർ സ്വന്തം ഏലത്തോട്ടത്തിന് നടുവിലെ വീട്ടിൽ ആരുമറിയാതെ താമസിച്ചുവരുകയായിരുന്നു. സ്പെഷൽ ബ്രാഞ്ച് വിവരം നൽകിയ പ്രകാരമാണ് ആരോഗ്യ പ്രവർത്തകർ ഇവരുടെ അടുത്തെത്തിയത്. എന്നാൽ ഇരുവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറായില്ല. തുടർന്ന് നിർബന്ധപൂർവം സ്രവങ്ങൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
ഇന്നലെ ഇരുവരുടെയും പരിശോധനാഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടർന്ന് ഇരുവരെയും ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്ന് നാരായണനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.