Top Stories
ഓണത്തിന് സൗജന്യ പലവ്യഞ്ജനക്കിറ്റുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണത്തോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായി പലവ്യഞ്ജനക്കിറ്റുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പഞ്ചസാര, ചെറുപയർ, വൻപയർ, ശർക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർപൊടി, വെളിച്ചെണ്ണ, സൺഫ്ളവർ ഓയിൽ, പപ്പടം, സേമിയ പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക.
ഓഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം ആരംഭിക്കും. ഇതു കൂടാതെ മതിയായ അളവിൽ റേഷൻ ലഭിക്കാത്ത മുൻഗണന ഇതര വിഭാഗങ്ങൾക്ക് ഓഗസ്റ്റിൽ 10 കിലോ അരി വീതം 15 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.