കേരളത്തില്‍ വീണ്ടും സമ്പൂര്‍ണലോക്ക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തില്‍ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ വീണ്ടും സമ്പൂര്‍ണലോക്ക്ഡൗണ്‍ ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ നിലവില്‍ ഇതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രോഗികളുടെ എണ്ണം ആയിരം കടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുക.
സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 785 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. 57 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.