Top Stories
തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; 190 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ അതീവഗുരുതരമായ സാഹചര്യമാണ് തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കോവിഡ് പോസിറ്റീവായ 226 കേസുകളിൽ 190 പേർക്കും രോഗബാധ ഉണ്ടായിരിക്കുന്നത് സമ്പർക്കത്തിലൂടെയാണ്. ഇതിൽ 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആകെയുള്ള പോസിറ്റീവ് കേസുകളിൽ 65.16% അതാതു പ്രദേശങ്ങളിൽ നിന്നുതന്നെ സമ്പർക്കത്തിലൂടെ വൈറസ് ബാധ ഉണ്ടായതാണ്. അതിൽ 94.04% കേസുകളും തിരുവനന്തപുരത്താണ്. പാറശ്ശാല അടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരികയാണെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
തലസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിലെ കച്ചവടക്കാർക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മൊത്തവിതരണക്കാരിൽ നിന്നും സ്റ്റോക്ക് സ്വീകരിക്കാൻ അനുമതി നൽകിയിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മൊത്തവിതരണക്കാർക്ക് വാഹനങ്ങളുമായി ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണിനുള്ളിൽ പോലീസ് അനുമതിയോടെ പ്രവേശിക്കാവുന്നതാണ്.
സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 785 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. 57 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.