Top Stories
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു. കാസര്‍ഗോഡ്, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇന്നലെ മരിച്ച കൊല്ലം സ്വദേശിയുടെ മരണവും കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.
കാസർകോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയ (56) കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി റെയ്ഹാനത്ത് (55) എന്നിവരാണ് മരിച്ചത്.
പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഹൈറുന്നീസ. ഇവരുടെ ഉറവിടം വ്യക്തമല്ല. രണ്ടു ദിവസം മുമ്പാണ് ഹൈറുന്നീസക്ക് രോഗം സ്ഥിരീകരിച്ചത്. കടുത്ത ന്യുമോണിയയെ തുടർന്ന് കാസർകോടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ച് സ്രവം എടുത്ത് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തുന്നത്. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറിലായിരുന്ന ഹൈറുന്നീസ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇതോടെ കാസർകോഡ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
പനി ലക്ഷണങ്ങളോടെ 20-നാണ് കല്ലായി സ്വദേശി കോയയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്ന കോയ ഇന്ന് രാവിലെയാണ് മരിച്ചത്. ഇവരുടെ ഉറവിടം സംബന്ധിച്ചും വ്യക്തതയില്ല. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.
കരുനാഗപ്പള്ളി സ്വദേശിയായ റെയ്ഹാനത്ത് ചൊവ്വാഴ്ച രാവിലെയാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ച റെയ്ഹാനത്ത് അവിടെ വെച്ച് മരിക്കുകയായിരുന്നു. ട്രൂനാറ്റ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവായി. ഇതേ തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. റെയ്ഹാനത്തിന്റെ മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. റെയ്ഹാനത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവരേയും ജില്ലാ ഭരണകൂടം നിരീക്ഷണത്തിലാക്കി വരികയാണ്.