കൊച്ചിയിൽ 30 കന്യാസ്ത്രീകൾക്ക് കോവിഡ്
കൊച്ചി : കാക്കനാട് കരുണാലയ കോൺവെന്റിലെ 30 കന്യാസ്ത്രീകൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കന്യാസ്ത്രീകൾക്ക് കോൺവെന്റിൽ തന്നെ ചികിത്സ ഉറപ്പാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കോൺവെന്റ് കെട്ടിടത്തിന്റെ ഒരു നില ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റാനാണ് ജില്ല ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ കോവിഡ് ബാധിച്ചു മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്ക പട്ടികയിൽ ഉള്ളവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കരുണാലയത്തിൽ ഇതുവരെ 33 കന്യാസ്ത്രീകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മഠത്തിൽനിന്നുള്ള കന്യാസ്ത്രീകൾ മറ്റ് സ്ഥാലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റിനുള്ള സൗകര്യം കോൺവെന്റിൽ തന്നെ സജ്ജമാക്കിയ സാഹചര്യത്തിൽ ഡോക്ടർമാരുടെയും ആംബുലൻസിന്റെയും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആരോഗ്യനില വഷളാകുന്ന പക്ഷം ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.