Top Stories
ഡൽഹി സംഘർഷം:മരണം 27 ആയി;സ്ഥിതി നിയന്ത്രണ വിധേയം
ന്യൂഡൽഹി: ഡൽഹി സംഘർഷത്തിൽ മരണം 27 ആയി. കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷങ്ങളിൽ പരിക്കേറ്റ് ഹോസ്പിറ്റലുകളിൽ കഴിഞ്ഞിരുന്നവരാണ് മരിച്ചവർ. കഴിഞ്ഞ ദിവസങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് പുതിയ അക്രമങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡൽഹി പോലീസ് അറിയിച്ചു.
കലാപത്തിൽ 18 കേസുകളെടുത്തെന്നും 106 പേർ അറസ്റ്റിലായെന്നും ഡൽഹി പോലീസ് അറിയിച്ചു . സംഘർഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എല്ലാ കെട്ടിടങ്ങളുടെയും മേൽക്കൂരകളും ടെറസുകളും ഡ്രോണുകൾ വഴി നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും വീടുകളുടേയോ കെട്ടിടങ്ങളുടെയോ മുകളിൽ കല്ലുകൾ സംഭരിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
അതേസമയം കലാപ മേഖലകളിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സന്ദർശനം നടത്തി. വടക്കു കിഴക്കൻ ഡൽഹിയിൽ മൂന്ന് ദിവസമായി സംഘർഷാവസ്ഥ നിലനിന്ന സ്ഥലങ്ങളാണ് ഡോവൽ സന്ദർശിച്ചത്. ജാഫറാബാദ്, മൗജ്പുർ, ബാബർപുർ, യമുനാവിഹാർ, ഭജൻപുര, ചാന്ദ്ബാഗ്, ശിവ് വിഹാർ തുടങ്ങിയ മേഖലകളിലാണ് കലാപമുണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ഡോവൽ ഡൽഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
കലാപമുണ്ടായ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.സാധാരണ നില പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി. ചില ക്രിമിനലുകളാണ് അക്രമം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്. അവരെ ഒറ്റപ്പെടുത്താൻ എല്ലാവരും ശ്രമിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് കഠിനാധ്വാനം ചെയ്യുന്നുണ്ട്. എല്ലാം സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു.