പൃഥിരാജും ദുല്‍ഖറും അമിത വേഗത്തിൽ? അന്വേഷണം പ്രഖ്യാപിച്ച് മോട്ടോർ വാഹന വകുപ്പ്
കൊച്ചി : സിനിമാതാരങ്ങളായ പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും ആഡംബര കാറുകളില്‍ മത്സരയോട്ടം നടത്തിയെന്ന രീതിയില്‍ വീഡിയോ പ്രചരിക്കുന്ന സംഭവത്തെക്കുറിച്ച് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് അന്വേഷണം തുടങ്ങിയത്. പോര്‍ഷെ, ലംബോര്‍ഗിനി മോഡലുകളാണ് വീഡിയോയില്‍ കാണുന്നത്. ബൈക്കില്‍ കാറുകളെ പിന്തുടരുന്ന രണ്ട് യുവാക്കളാണ് വീഡിയോ പകര്‍ത്തിയത്.
കോട്ടയം -കൊച്ചി സംസ്ഥാനപാതയിലായിരുന്നു മത്സരയോട്ടം നടന്നത്. അന്വേഷണത്തിന്റെ ഭാഗമായി കോട്ടയം-കൊച്ചി റൂട്ടിലുള്ള വേഗത കണ്ടെത്തുന്ന ക്യാമറകള്‍ പരിശോധിക്കാന്‍ എംവിഡിയുടെ ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് വിംഗിന് നിര്‍ദേശം നല്‍കി.
പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും റോഡ് നിയമങ്ങള്‍ ലംഘിച്ചെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ക്യാമറകള്‍ പരിശോധിച്ച് അമിത വേഗത കണ്ടെത്തിയാല്‍ വാഹനത്തിന്റെ ആര്‍ സി ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനാണ് തീരുമാനം. കഴിഞ്ഞദിവസം മുതലാണ് വീഡിയോ പ്രചരിച്ചുതുടങ്ങിയത്. സംഭവത്തെക്കുറിച്ച് താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.