News

നഗ്നശരീരത്തില്‍ മകനെക്കൊണ്ട് ചിത്രം വരപ്പിച്ച കേസ്: രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി : തന്റെ നഗ്നശരീരത്തില്‍ മകനെക്കൊണ്ട് ചിത്രം വരപ്പിച്ച്‌ വീഡിയോയെടുത്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസില്‍ ബി.എസ്.എന്‍.എല്‍ മുന്‍ ജീവനക്കാരി രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പോക്സോ വകുപ്പും രഹ്നയ്ക്കെതിരെ ചുമത്തിയിരുന്നു.

കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും, കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നും ഹര്‍ജിക്കാരി വാദിച്ചു. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ തെറ്റല്ലെന്ന് ചെയ്യുന്നവര്‍ക്ക് തോന്നാമെങ്കിലും, മറിച്ചു ചിന്തിക്കുന്നവരും സമൂഹത്തിലുണ്ടെന്ന് കോടതി കഴിഞ്ഞദിവസം വാക്കാല്‍ പറഞ്ഞിരുന്നു.

രഹ്നക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ വ്യക്തമായ നയം ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്യാൻ അനുവദിക്കരുതെന്നും സ്വന്തം കുട്ടിയെ വെച്ച് എന്തും ചെയ്യാമെന്ന നില വരരുതെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിക്കുകയായിരുന്നു. ഇവരുടെ മുൻകാല ചെയ്തികൾകൂടി പരിഗണിക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അമ്മ കുട്ടികളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ചു ചെയ്യിച്ചതാണിതെന്നും, ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ കോടതിയിൽ വാദിച്ചിരുന്നു.

ബോഡി ആൻഡ് പൊളിറ്റിക്സ് എന്ന കുറിപ്പോടെ തന്റെ നഗ്നശരീരത്തിൽ മക്കൾ ചിത്രം വരക്കുന്ന വീഡിയോ രഹ്ന യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. തുടർന്ന് പോലീസ് ഇവർക്ക് നേരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.നഗ്നശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചുവെന്നുമാണ് കേസ്. ഐ.ടി.ആക്ട്, ജുവനൈൽ ജസ്റ്റീസ് ആക്ട് എന്നിവ പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button