സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനുണ്ടാകില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ എന്ന നിര്‍ദേശത്തെ സര്‍വകക്ഷിയോഗം അനുകൂലിച്ചിട്ടില്ല. സമ്പൂര്‍ണ ലോക്ക് ഡൗണിനെ കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ പോലും രണ്ട് അഭിപ്രായമുണ്ട്. നിലവിലെ നിയന്ത്രണം ശക്തിപ്പെടുത്തണം എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമെങ്കില്‍ സാഹചര്യം അനുസരിച്ച് പിന്നീട് പരിഗണിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് ഇന്ന് നടന്ന സർവകക്ഷിയോഗത്തിൽ ധാരണയായിരുന്നു. രോഗതീവ്ര മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സിപിഎം അടക്കമുള്ള എല്ലാ പാർട്ടികളും അഭിപ്രായപ്പെട്ടു. രോഗം തീവ്രമായ മേഖകളിൽ ലോക്ക്ഡൗൺ അടക്കമുള്ള കർശന നിയന്ത്രണങ്ങൾ വേണമെങ്കിലും മറ്റിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കരുതെന്നാണ് യോഗത്തിൽ പൊതു അഭിപ്രായമുയർന്നത്.