കരസേനയില്‍ വനിതകൾക്ക് സ്ഥിരം കമ്മീഷന്‍; കേന്ദ്രം ഉത്തരവിറക്കി
ന്യൂഡല്‍ഹി : ഇന്ത്യന്‍ കരസേനയില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. യോഗ്യരായ ഉദ്യോഗസ്ഥകള്‍ക്ക് സ്ഥിരംകമ്മീഷന്‍ അനുവദിക്കാന്‍ സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കും. ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഉദ്യോഗസ്ഥരായ എല്ലാ ഉദ്യോഗസ്ഥകള്‍ക്കും സ്ഥിരം കമ്മീഷന് വേണ്ടി രേഖകള്‍ സഹിതം അപേക്ഷ നല്‍കാം.
ആര്‍മി എയര്‍ ഡിഫെന്‍സ് (എഎഡി), സിഗ്നല്‍സ്, എന്‍ജിനിയേഴ്സ്, ആര്‍മി ഏവിയേഷന്‍, ഇലക്‌ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ ഏരിയല്‍ എന്‍ജിനിയേഴ്സ് (ഇഎംഇ), ആര്‍മി സര്‍വീസ് കോര്‍പ്പ്സ് (എഎസ്സി), ആര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്സ് (എഒസി), ഇന്റലിജന്‍സ് കോര്‍പ്സ് വിഭാഗങ്ങളില്‍ വനിതകള്‍ക്ക് സ്ഥിരംകമ്മീഷന്‍ അനുവദിച്ചാണ് പ്രതിരോധമന്ത്രാലയം ഉത്തരവിറക്കിയത്.
നിലവില്‍ ജഡ്ജ് ആന്‍ഡ് അഡ്വക്കറ്റ് ജനറല്‍ (ജെഎജി), ആര്‍മി എജ്യുക്കേഷണല്‍ കോര്‍പ്സ് (എഇസി) വിഭാഗത്തില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കുന്നുണ്ട്.
നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ്
വനിതകളെയും സ്ഥിരംകമ്മീഷന്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. സ്ത്രീകള്‍ക്ക് ശാരീരിക പരിമിതി ഉണ്ടെന്ന് വാദിച്ച് പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അപ്പീല്‍ തള്ളി. വിധി നടപ്പാക്കാന് ആറുമാസത്തെ സാവകാശം തേടി കേന്ദ്രം ജൂലൈയില്‍ വീണ്ടും സുപ്രീംകോടതിയിലെത്തി. ഒറ്റമാസം മാത്രമേ അനുവദിക്കാനാകൂവെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.