കോവിഡ് പ്രതിരോധം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
ഡൽഹി : കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. പ്രതിരോധപ്രവര്‍ത്തനം സംബന്ധിച്ചും തുടര്‍ന്നു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,916 ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷം കടന്നു. ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 1,336,861 ആയി. 4,56,071 പേരാണ് നിലവിൽ രോഗബാധിതരായുള്ളത്. 757 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 31,358 ആയി. അതേ സമയം 8,49,431 പേർ രാജ്യത്ത് രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 63.53 ശതമാനമാണ്.
തമിഴ്നാട്ടിൽ ഒറ്റദിവസം 6,785 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ തമിഴ്നാട്ടിൽ കോവിഡ് കേസുകൾ 1,99,749 ആയി.മഹാരാഷ്ട്രയിൽ 9,615 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ ആകെയുള്ള കോവിഡ് കേസുകൾ 3,57,117 ആയി.