News

ബിഷപ്പ് ഫ്രാങ്കോ സുപ്രീം കോടതിയിൽ വിടുതൽ ഹർജി നൽകി

ന്യൂഡൽഹി : ബലാത്സംഗ കേസിലെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ വിടുതൽ ഹർജി ഫയൽ ചെയ്തു. ഹർജിയിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണം എന്നും ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ട് കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. കന്യാസ്ത്രീ നടത്തിയ ചില സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്തതും തനിക്കെതിരെ പരാതിക്ക് കാരണമായി. കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും ഫ്രാങ്കോയുടെ ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.

ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ നേരിടാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ വിചാരണ കോടതിയിൽ ഫ്രാങ്കോ ഹാജർ ആയില്ല. ഇതേ തുടർന്ന് അദ്ദേഹത്തിന് അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ വാറന്റ് പുറപ്പടിവിച്ചിരിക്കുന്ന സാഹചര്യത്തിൽ ആണ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സംസ്ഥാന സർക്കാരും കന്യാസ്ത്രീയും സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. തങ്ങളുടെ വാദം കേൾക്കാതെ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കരുത് എന്ന് ആവശ്യപ്പെട്ടാണ്  കന്യാസ്ത്രീയും സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചത്. ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജിക്ക് ഒപ്പം ഈ തടസ്സ ഹർജികളും അടുത്ത ആഴ്ച സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നേക്കും.

2014മുതൽ 2016വരെയുള്ള കാലയളവിൽ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗത്തിനു പുറമെ അന്യായമായി തടഞ്ഞുവയ്ക്കൽ, അധികാര ദുർവിനിയോഗം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, ഭീഷണിപ്പെടുത്തൽ, മേലധികാരമുപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button