ലോകത്ത് കോവിഡ് ബാധിതർ 1.60 കോടിയിലേക്ക്
ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ് . കോവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക് അടുക്കുന്നു. 1,59,26,218 കോവിഡ് ബാധിതരാണ് ഇപ്പോള്‍ ലോകത്തുള്ളത്. മരണ സംഖ്യ 6,41,740 പിന്നിട്ടു. 97 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി.
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 75,580 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,248,304 ആയി ഉയര്‍ന്നു. 1,066 പേര്‍ക്ക് 24 മണിക്കൂറിന് ഇടയില്‍ ഇവിടെ ജീവന്‍ നഷ്ടമായി. ഇതോടെ ആകെ മരണസംഖ്യ 148,483 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 2,027,641 ആയി.
ബ്രസീലിലും രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 58,000ത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,348,200 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം ആയിരത്തില്‍ കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 85,385 ആയി. 1,592,281പേര്‍ സുഖം പ്രാപിച്ചു.
മെക്‌സിക്കോയിലും മരണ നിരക്ക് ഉയരുകയാണ്. 718 പേരാണ് ഇവിടെ ഇന്നലെ മരിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ മെക്‌സിക്കോ, ചിലി, പെറു എന്നീ രാജ്യങ്ങളിലും സൗത്ത് ആഫ്രിക്കയിലും രോഗവ്യാപനം ഉയരുകയാണ്.