14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിവാഹം ചെയ്ത സഹോദരീ ഭർത്താവ് അറസ്റ്റിൽ
തിരുച്ചിറപ്പള്ളി : 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ശേഷം വിവാഹം കഴിക്കുകയും ചെയ്ത സഹോദരീ ഭർത്താവ് അറസ്റ്റിൽ. മയിലാടുതുറൈ സ്വദേശിയായ 24 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് 19-നാണ് 14 വയസ്സുകാരി മയിലാടുതുറൈ സർക്കാർ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷണം നടത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
ഏഴാംക്ലാസിൽ പഠിത്തം നിർത്തിയ കുട്ടി ശുചീകരണ തൊഴിലാളിയായ അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് മൂത്ത സഹോദരിയുടെ ഭർത്താവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡിപ്പിക്കപ്പെട്ട വിവരം അമ്മ അറിഞ്ഞെങ്കിലും ഇവർ പരാതിപ്പെട്ടില്ല. പകരം 14 വയസ്സുകാരിയെ മരുമകന് വിവാഹം ചെയ്തുനൽകി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് നൽകിയതിന് കുട്ടിയുടെ അമ്മയായ 48 വയസ്സുകാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനവിവരം രഹസ്യമാക്കിയതിനും ശൈശവവിവാഹം നടത്തിയതിനുമാണ് അമ്മയ്ക്കെതിരേ കേസെടുത്തത്. ആശുപത്രിയിൽ കഴിയുന്ന 14-കാരിയെയും കുഞ്ഞിനെയും സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.