വിവരങ്ങൾ നൽകാൻ ബഹ്റയ്ക്ക് കസ്റ്റംസിന്റെ നോട്ടിസ്
കൊച്ചി : സംസ്ഥാനത്തെ മയക്കുമരുന്ന്-കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് പോലീസ് നൽകിയിരുന്നുവെന്ന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മാധ്യമ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ, വിവരങ്ങൾ തങ്ങൾക്കും നൽകണമെന്ന് കസ്റ്റംസ് ബഹ്റയ്ക്ക് നോട്ടീസയക്കും. ഇക്കാര്യം അവകാശപ്പെട്ട് ഒരു മാധ്യമത്തിന് ബെഹ്റ അഭിമുഖം നൽകിയിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാനപോലീസിന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും നൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നിയമം 151-ാം വകുപ്പുപ്രകാരമാണ് നോട്ടീസ് അയക്കുക.
എൻ.ഐ.എ.യ്ക്ക് വിവരങ്ങൾ നൽകിയെന്നാണ് ബെഹ്റ അഭിമുഖത്തിൽ പറഞ്ഞത്. ഈ വിവരങ്ങൾ തങ്ങൾക്കുനൽകാനും അദ്ദേഹം ബാധ്യസ്ഥനാണെന്നും കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, സംസ്ഥാന പോലീസിൽനിന്ന് കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചില്ലെന്ന് സി.ഐ.എസ്.എഫ്. രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്.