സ്വർണ്ണക്കടത്ത്: മുഖ്യ ആസൂത്രകര്‍ റമീസും സന്ദീപും;അറ്റാഷെയ്ക്കും പങ്ക്
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ ആസൂത്രകര്‍ റമീസും സന്ദീപുമാണെന്ന് രണ്ടാം പ്രതി സ്വപ്ന സുരേഷ്. കസ്റ്റംസിന് നല്കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. റമീസും സന്ദീപും പരിചയപ്പെട്ടത് ദുബായില്‍വച്ചെന്നും സ്വപ്ന മൊഴി നല്കി.ശിവശങ്കറുമായി സൗഹൃദം മാത്രമാണെന്നും, സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും സ്വപ്ന പറഞ്ഞു.
നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണം കടത്തിയത് അറ്റാഷെയുടെ സഹായത്തോടെയാണെന്നും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഓരോ കടത്തിനും അറ്റാഷെയ്ക്ക് 1000 ഡോളര്‍ പ്രതിഫലം നല്‍കിയെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നല്കി. സ്വർണക്കടത്തിന് അറ്റാഷെയ്ക്ക് കൃത്യമായി വിഹിതം നൽകിയിരുന്നുവെന്ന് പ്രതികളായ സരിത്തും സന്ദീപും റമീസും കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.
താന്‍ സരിത്തിനെ പരിചയപ്പെട്ടത് തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോഴാണെന്ന് സന്ദീപ് നായര്‍ മൊഴി നല്കി. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താനുള്ള ആസൂത്രണം റമീസിന്റേതാണെന്നും ഇയാള്‍ പറഞ്ഞു.റിയല്‍ എസ്റ്റേറ്റ് സംരഭങ്ങളില്‍ ഇടനിലക്കാരി കൂടിയാണ് സ്വപ്ന സുരേഷ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ബാങ്കില്‍ നിന്ന് കണ്ടെത്തിയ പണം ഇടനിലക്കാരിയായതില്‍ കിട്ടിയ പ്രതിഫലമാണെന്നാണ് സൂചന. സ്വപ്ന നടത്തിയ ഇടപാടുകളെപ്പറ്റി കസ്റ്റംസും എന്‍.ഐ.എയും അന്വേഷണം തുടങ്ങി.
സ്വപ്നയുടെ ബാങ്ക് ലോക്കറുകളില്‍ നിന്ന് ഒരു കോടി രൂപയും ഒരു കിലോയോളം സ്വര്‍ണവും അന്വേഷണസംഘം കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വര്‍ണവും ഫെഡറല്‍ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിങ്കളാഴ്ച എന്‍.ഐ.എ ചോദ്യം ചെയ്യും.ശിവശങ്കര്‍ അഭിഭാഷകരുമായി ആശയവിനിമയം നടത്തുന്നതായി സൂചനയുണ്ട്.