Top Stories
ഇന്ന് കാര്‍ഗില്‍ വിജയദിവസ്

1999 മേയ് മുതല്‍ ജൂലൈ വരെയായിരുന്നു നിയന്ത്രണ രേഖ ലംഘിച്ച് കാര്‍ഗില്‍ മലനിരകള്‍ കൈയ്യടക്കിയ പാകിസ്ഥാനെതിരെ ഇന്ത്യയുടെ പോരാട്ടം. ‘ഓപ്പറേഷന്‍ വിജയ്’ എന്ന പേരില്‍ കരസേനയും ‘ഓപ്പറേഷന്‍ സഫേദ് സാഗര്‍’ എന്ന പേരില്‍ വ്യോമസേനയും അണിനിരന്ന പോരാട്ടത്തിനൊടുവില്‍, ജൂലൈ 26നു കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചു. സൈനികരുടെ അസാമാന്യ പോരാട്ടവീര്യമാണ് 18,000 അടി ഉയരത്തിലുള്ള കാര്‍ഗിലിലെ യുദ്ധഭൂമിയില്‍ വിജയം നേടാന്‍ ഇന്ത്യയ്ക്കു കരുത്തായത്. പാക്കിസ്ഥാന്‍ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യന്‍ സേന തിരിച്ചുപിടിച്ചു.
കാശ്മീരില്‍ ശൈത്യകാലം രൂക്ഷമാകുമ്പോള്‍ ഇരുരാജ്യങ്ങളും കാവല്‍തുറകള്‍ ഉപേക്ഷിച്ച് വസന്ത കാലത്ത് തിരിച്ചെത്തുന്നത് പതിവായിരുന്നു. എന്നാല്‍ 1998 ഒക്ടോബറില്‍ ഇന്ത്യന്‍ പ്രദേശത്തിനു മേല്‍ക്കൈ നല്‍കിയിരുന്ന പട്ടാള പോസ്റ്റുകൾ പാകിസ്ഥാന്‍ രഹസ്യമായി പിടിച്ചെടുത്ത് സ്വന്തം താവളമാക്കി മാറ്റി. പാകിസ്ഥാന്റെ അപ്രതീക്ഷിത തുഴഞ്ഞുകയറ്റം ഇന്ത്യ അറിഞ്ഞില്ല. ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തിലാണ് ഇന്ത്യ പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റം അറിഞ്ഞത്.
പാകിസ്ഥാന്‍ കൈയ്യടിക്കയ ദേശീയപാത 1.എ. യുടെ നിയന്ത്രണം പിടിച്ചെടുക്കുക എന്നതായിരുന്നു ഇന്ത്യയുടെ ആദ്യലക്ഷ്യം. പിന്നീട് ടോലോലിങ്ങ് കുന്ന് പിടിച്ചെടുക്കുകയും അതിലൂടെ ടൈഗര്‍ കുന്ന് കൈവശപ്പെടുത്താനുമായിരുന്നു ഇന്ത്യയുടെ നീക്കം. എന്നാൽ 200,000 ഇന്ത്യന്‍ ധീര യോദ്ധാക്കളുടെ തിരിച്ചടിയില്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. ജൂലൈ 26 ന് ഇന്ത്യയുടെ വിജയത്തിൽ പോരാട്ടം അവസാനിച്ചു. യുദ്ധാനന്തരം ഷിംല കരാര്‍ പ്രകാരം നിയന്ത്രണരേഖയുടെ തെക്കും കിഴക്കുമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തു. കാര്‍ഗില്‍ യുദ്ധത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. 1,363 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.