പാമ്പിനെയെടുത്ത് ഉത്രയുടെ കൈത്തണ്ടയില്‍ നേരിട്ട് കൊത്തിച്ചു; സൂരജിനെതിരെ ശാസ്ത്രീയ തെളിവുകൾ
കൊല്ലം : ഉത്ര കൊലപാതക കേസില്‍ ഭര്‍ത്താവായ സൂരജിനെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍. യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പാമ്പിന്‍റെ ഡിഎന്‍എ പരിശോധനഫലമാണ് സൂരജിനെതിരെ പുതിയ തെളിവായിരിക്കുന്നത്. മൂര്‍ഖന്‍ പാമ്പിനെയെടുത്ത് ഉത്രയുടെ കൈത്തണ്ടയില്‍ നേരിട്ട് കൊത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് പാമ്പിന്‍റെ ഡിഎന്‍എ പരിശോധന ഫലവും. കൊത്തിയപ്പോഴുണ്ടായ മുറിവുകളിലല്ലാതെ ഉത്രയുടെ ശരീരത്തിലോ വസ്ത്രങ്ങളിലോ പാമ്പിന്‍റെ ഡിഎന്‍എ സാന്നിധ്യമില്ലെന്നാണ് തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
ഉത്ര ധരിച്ചിരുന്ന വസ്ത്രങ്ങളും കിടക്കവിരിയും ഉള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. യുവതിയുടെ മുറിവിലെ ഡിഎന്‍എ സാമ്പിളുകളും പാമ്പിന്‍റെ ഡിഎന്‍എയും ഒന്നാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഡിഎന്‍എയുടെ അന്തിമഫലം കഴിഞ്ഞദിവസമാണ് പൊലീസിന് ലഭിച്ചത്.
ഇക്കഴിഞ്ഞ മെയ് ആറിനായിരുന്നു അഞ്ചല്‍ സ്വദേശിയായ ഉത്ര എന്ന യുവതിയുടെ മരണം. പാമ്പ് കടിയേറ്റ് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ യുവതി വീണ്ടും പാമ്പ് കടിയേറ്റ് മരിച്ചു എന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. പാമ്പ് കടിയേറ്റുള്ള മരണമായി ആദ്യം കണക്കാക്കപ്പെട്ടെങ്കിലും പിന്നീടുയര്‍ന്ന സംശയം കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കൊലപാതക രീതിയുടെ ചുരുള്‍ അഴിക്കുകയായിരുന്നു.
ഉത്രയുടെ ഭര്‍ത്താവായ സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് വന്ന് യുവതിയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യ തവണ അണലിയുടെ കടിയേറ്റതിലും ഇയാളുടെ പങ്ക് സംശയിക്കുന്നുണ്ട്. ആദ്യ ശ്രമം പരാജയപ്പെട്ടതോടെയാണ് രണ്ടാമത് കിടപ്പു മുറിയില്‍ പാമ്പിനെയെത്തിച്ചത്. ഭാര്യയെ പഴച്ചാറില്‍ ഉറക്കഗുളികകള്‍ നല്‍കി മയക്കിയ ശേഷം പ്ലാസ്റ്റിക് ടിന്നില്‍ കരുതിയ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കൊത്തിക്കുകയായിരുന്നു. ഇടതു കൈത്തണ്ടയില്‍ രണ്ട് തവണയാണ് പാമ്പ് കൊത്തിയത്.