Top Stories
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഓമശ്ശേരി മെലാനികുന്ന് മുഹമ്മദ്(62) ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി പുഷ്കരി എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. സംസ്ഥാനത്ത് ഇതുവരെ 61 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മുഹമ്മദ് മരിച്ചത്. പ്രമേഹം, രക്തസമ്മർദം ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് ഇയാൾ ചികിത്സയിലായിരുന്നു. വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചതിനെ തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
ആലപ്പുഴയിലും രണ്ട് മരണം കൂടി സ്ഥിരീകരിച്ചിരുന്നു. കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി പുഷ്കരി എന്നിവരാണ് മരിച്ചത്. ശാരദ വെള്ളിയാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനാഫലത്തിലാണ് ഇവർക്ക് വൈറസ് ബാധ ഏറ്റിരുന്നുവെന്ന് വ്യക്തമായത്. ശാരദയുടെ മകനും മരുമകൾക്കും അടക്കം കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.