മലബാർ മെഡിക്കൽ കോളേജിലെ ജീവനക്കാരിക്ക് കോവിഡ്
കോഴിക്കോട് : മലബാർ മെഡിക്കൽ കോളേജിലെ ജീവനക്കാരിക്ക് കോവിഡ്. ഇവരുമായി സമ്പർക്കത്തിൽ പെട്ട ആശുപത്രി ജീവനക്കാരടക്കം അമ്പതോളം പേർ നിരീക്ഷണത്തിൽ. ബാലുശ്ശേരി കരുമല സ്വദേശിനിക്കാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ചത്. ഗർഭിണിയായ ഇവർ ആശുപത്രിയിലെ ഫാർമസിയിലായിരുന്നു ജോലി ചെയ്തിരുന്നത്.
ആശുപത്രിയിലെ 80 പേർക്ക് കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് ടെസ്റ്റിലാണ് ഇവർക്ക് പോസിറ്റീവായത്. കൂടെയുള്ളവരുടെയൊക്കെ ഫലം നെഗറ്റീവാണ്. ഇവരുടെ ഉറവിടം വ്യക്തമല്ലെങ്കിലും പുറത്ത് നിന്ന് രോഗം പിടിപെട്ടതാവാമെന്നാണ് കരുതുന്നത്. യുവതിക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ രണ്ട് വാർഡ് നീരീക്ഷണ വാർഡാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ ആശുപത്രി പ്രവർത്തനങ്ങൾക്ക് ഭീഷണിയില്ലെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താമസ സ്ഥലമായ കരുമല, ഉണ്ണികുളം ഭാഗങ്ങളിലുള്ളവരുടെ നിരീക്ഷണം ശക്തമാക്കി. ഇവരുടെ സമ്പർക്ക പട്ടിക്ക ഏറെ വലുതാണ് എന്നാണ് പ്രാഥമിക വിലയിരുത്തൽ. കുടുംബം തൊഴിലുറപ്പ് ജോലിയുമായി അടക്കം ബന്ധപ്പെടുകയും രോഗം ബാധിച്ച യുവതിയും ഭർത്താവും കഴിഞ്ഞ ദിവസം അടുത്തുള്ള ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ വീടുമായോ ഇവരുമായോ ബന്ധപ്പെട്ടവരോടെല്ലാം നിരീക്ഷണത്തിൽ പോവാനും നിർദേശിച്ചിട്ടുണ്ട്.