ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ പിന്നിട്ടു
കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ പിന്നിട്ടു. രാവിലെ 9.30-ഓടെ ആരംഭിച്ച ചോദ്യംചെയ്യൽ അഞ്ച് മണിക്ക് ശേഷവും തുടരുകയാണ്.
തിരുവന്തപുരത്ത് നിന്ന് ഇന്ന് പുലർച്ചെയാണ് ശിവശങ്കർ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലെത്തിയത്. എൻ.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്.
സ്വർണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് തുടങ്ങിയവർക്ക് ശിവശങ്കർ സഹായം ചെയ്തിട്ടുണ്ടോ എന്നത് കേന്ദ്രീകരിച്ചായിരിക്കും കേസിൽ ശിവശങ്കറിന്റെ പങ്ക് അന്വേഷിക്കുക. കൂടാതെ, ഭീകരബന്ധം സംബന്ധിച്ച അന്വേഷണം നടക്കുന്ന കേസിൽ ശിവശങ്കറിനെതിരെ അറസ്റ്റ് ഉണ്ടാകാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണ്. ശിവശങ്കറിന് എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്നും മറ്റു പ്രതികൾക്കൊപ്പം സെക്രട്ടറിയേറ്റിലെത്തി ശിവശങ്കറെ കണ്ടിരുന്നു എന്നും പ്രതിയായ സരിത്ത് നേരത്തെ മൊഴി നൽകിയിരുന്നു.
ചോദ്യംചെയ്യലിന് ഒടുവിൽ ശിവശങ്കറിനെ എൻഐഎ അറസ്റ്റ് ചെയ്യുമോ അതോ വിട്ടയക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സർക്കാരിനെയും മുഖ്യമന്ത്രിയേയും പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങൾ എൻഐഎയുടെ ഭാഗത്ത് നിന്നും ഉണ്ടാകാനും ഉണ്ടാകാതിരിയ്ക്കാനും ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്.