47 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യയിൽ നിരോധിച്ചു
ന്യൂഡൽഹി : 47 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യയിൽ നിരോധിച്ചു. കഴിഞ്ഞ മാസം 59 ആപ്പുകൾ കേന്ദ്ര സർക്കാർ രാജ്യത്ത് നിരോധിച്ചിരുന്നു. ഈ ആപ്പുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്. ഇവ ഏതെല്ലാമെന്നതിന്റെ പട്ടിക ഉടൻ പുറത്തിറങ്ങും.
സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകൾക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചില ആപ്പുകൾ വിവരം ചോർത്തുന്നതായും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആപ്പുകൾ ഇന്ത്യ നിരോധിയ്ക്കുന്നത്.
295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയത്തിന്റെ ശുപാർശ നൽകി. പബ്ജി, സിലി അടക്കമുള്ള ആപ്പുകൾ രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടും. 141 എംഐ ആപ്പുകൾ, കാപ്പ്കട്ട്, ഫേസ്‌യു എന്നിവയും ഇത്തവണത്തെ നിരോധന പട്ടികയിൽ ഇടംപിടിക്കും. ഒപ്പം ടെക്ക് ഭീമന്മാരായ മെയ്റ്റു, എൽബിഇ ടെക്ക്, പെർഫക്ട് കോർപ്, സിന കോർപ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബൽ എന്നിവരുടെ ആപ്പുകളും നിരോധിക്കും.
ലഡാക്കിൽ ചൈനീസ് അതിർത്തിയിലുണ്ടായ സംഘർഷത്തിന് ശേഷം ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം ഇതോടെ 106 ആയി.