Top Stories
തലസ്ഥാനത്ത് 18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾക്ക് കോവിഡ്
തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് വലിയ രീതിയിൽ പടർന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് 18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾ പോസിറ്റീവാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് 12 പേരെ പരിശോധിക്കുമ്പോഴാണ് ഒരാൾ പോസിറ്റീവെങ്കിൽ കേരളത്തിലത് 36 പേരിൽ ഒന്നെന്നാണ് കണക്ക്. കിൻഫ്ര പാർക്കിൽ 300 പേർക്ക് പരിശോധന നടത്തിയതിൽ 88 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ലസ്റ്റർ രൂപപ്പെട്ടത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത് ഈ മാസം 5ന് പൂന്തുറയിലാണ്. ബീമാപള്ളി, പുല്ലുവിള മേഖലകളിൽ 15ാം തീയതിയോടെയാണ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത്. വലിയതുറ, അഞ്ച്തെങ്ങ്, ചിറയിൻകീഴ്, കൊളത്തൂർ, നെയ്യാറ്റിൻകര, പനവൂർ, കടക്കാവൂർ, കുന്നത്തുകാൽ, പെരുമാതുറ പുതുക്കുറുച്ചി തുടങ്ങിയ തീരദേശ മേഖലകളിൽ തുടർന്നാണ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത്.
പാറശ്ശാല, പട്ടം, കുന്നത്തുകാൽ, പെരുങ്കിടവിള, ബാലരാമപുരം, കാട്ടാക്കട തുടങ്ങിയ പ്രദേശങ്ങളിലും രോഗബാധ അധികരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഓരോന്നിലും രോഗിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 39809 റുട്ടീൻ ആർടിപിസിആർ ടെസ്റ്റുകളാണ് ജില്ലയിൽ ചെയ്തത്. ഇതിനു പുറമെ സമൂഹ വ്യാപനം ഉണ്ടോ എന്നറിയാൻ 6983 പൂൾഡ് സാംപിളുകളും ശേകരിച്ചിട്ടുണ്ട്. ഇന്നലെ 709 റുട്ടീൻ സാംപിളുകളും നൂറോളം പൂൾഡ് സാംപിളുകളുമാണ് ചെയ്തത്. ലോകാരോഗ്യ സംഘടന നിർദേശിച്ച റാപിഡ് ആന്റിജൻ ടെസ്റ്റുകളും നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.