Top Stories
ചോദ്യംചെയ്യലിനു ശേഷം ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യംചെയ്യലിനു ശേഷം എൻഐഎ വിട്ടയച്ചു. ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ഇന്ന് 10 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ശിവശങ്കറിനെ കൊച്ചിയിലെ എൻഐഎ ഓഫീസിൽനിന്ന് പുറത്തുവിട്ടത്.
ഇന്ന് രാവിലെ പത്ത് മണിക്കാണ് ചോദ്യംചെയ്യലിന് വിധേയനാകാൻ ശിവശങ്കർ എൻഐഎ കൊച്ചി ഓഫീസിലെത്തിയത്. രാത്രി 8.30 വരെ വരെ ചോദ്യംചെയ്യൽ നീണ്ടു. ഇന്നലെ ഒമ്പതര മണിക്കൂർ ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. എൻ.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ. ചോദ്യം ചെയ്യലിനുശേഷം കൊച്ചിയിൽ തുടരാനും ചൊവ്വാഴ്ച ഹാജരാവാനും എൻഐഎ നിർദേശിക്കുകയായിരുന്നു. തുടർന്ന് കൊച്ചി പനമ്പള്ളി നഗറിൽ എൻഐഎ ഓഫിസിന് സമീപമുള്ള ഹോട്ടലിലാണ് ശിവശങ്കർ താമസിച്ചത്.
തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിൽ ശിവശങ്കറിന് പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. ശിവശങ്കറിൽനിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മിൽ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാണ് ചൊവ്വാഴ്ചയും ചോദ്യംചെയ്തതത്.