കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ്: എല്ലാ പ്രതികളേയും വെറുതേവിട്ടു
ആലപ്പുഴ : ആലപ്പുഴ കണ്ണർകാട്ടെ പി.കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട് കൃഷ്ണപിള്ളയുടെ പ്രതിമയ്ക്ക് കേടുവരുത്തിയ കേസിൽ എല്ലാ പ്രതികളേയും വെറുതേവിട്ടു. പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. ഒന്നാം പ്രതി ലതീഷ് ബി ചന്ദ്രന്‍, കണര്‍കാട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി സാബു, സി ആര്‍ രാജേഷ്, എം പ്രമോദ്, പി ദീപു എന്നിവരെയാണ് ആലപ്പുഴ പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. സംഭവം നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നത്.
2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെ 1.30 നാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള സഖാവ് പി കൃഷ്ണപിള്ള സ്മാരകവും അതിനോട് ചേര്‍ന്നുള്ള പ്രതിമയും തകര്‍ക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് സ്ഥാപകനായിരുന്ന കൃഷ്ണപിള്ള അവസാന നാളുകള്‍ ചിലവഴിച്ചത് കണ്ണര്‍കാട് ചെല്ലിക്കണ്ടത് വീട്ടില്‍ ആയിരുന്നു. അവിടെ വെച്ചാണ് പാമ്പ് കടിയേറ്റു മരിക്കുന്നതും. അത് പിന്നീട് സിപിഎം ഏറ്റെടുക്കുകയും സ്മാരകമാക്കുകയുമായിരുന്നു.
ആദ്യം കേസ് അന്വേഷണം അന്വേഷിച്ചത് ലോക്കല്‍ പൊലീസാണ്. അതിനുശേഷം അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. സിപിഎമ്മിലെ വിഭാഗീയതയാണ് പ്രതിമ തകര്‍ത്തതിന് പിന്നിലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞ് 2014 നവംബര്‍ 22 ന് സിപിഎം പ്രവര്‍ത്തകരെ പ്രതിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്തു.
2016 ഏപ്രില്‍ 28 ന് കോടതിയില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കി. തുടര്‍ന്ന് ആലപ്പുഴ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടന്നു. 2019 മാര്‍ച്ച് 14 മുതലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൊത്തം 72 സാക്ഷികള്‍ ഉണ്ടായിരുന്നു. 59 സാക്ഷികളെ പ്രോസിക്യൂഷന്‍ വിചാരണ നടത്തി.
കൃഷ്ണപിള്ള സ്മാരകം തകര്‍ക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് തൊട്ടടുത്തെ കായിപ്പുറത്തുള്ള ഇന്ദിര ഗാന്ധിയുടെ പ്രതിമയും അക്രമിക്കപ്പെട്ടിരുന്നു. അത് ചെയ്തത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ഈ കേസില്‍ പ്രതികളെയെല്ലാം കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഈ കേസിലും ലതീഷായിരുന്നു ഒന്നാം പ്രതി .
പ്രതികള്‍ക്ക് പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന സ്ഥാനമാനങ്ങള്‍ നഷ്ടപെട്ടതിലുള്ള വിരോധം കൊണ്ടാണ് സ്മാരകം അക്രമിച്ചതെന്നായിരുന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. കേസില്‍ അന്നത്തെ പ്രതിപക്ഷ നേതാവിരുന്ന വിഎസ് പ്രതികള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പ്രതികള്‍ക്ക് എതിരായും നിന്നു. കേസിന്റെ അടിസ്ഥാനത്തില്‍ ലതീഷ് ഉള്‍പ്പടെയുള്ളവരെ പ്രാഥമിക അന്വേഷണം പോലും നടത്താതെ പാര്‍ട്ടി പുറത്താക്കിയിരുന്നു.