News
നടൻ അനിൽ മുരളി അന്തരിച്ചു
കൊച്ചി : നടൻ അനിൽ മുരളി (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ ചിത്സയിലായിരുന്നു. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്താണ് അനിൽ മുരളി ജനിച്ചത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 1993ൽ വിനയൻ ഒരുക്കിയ കന്യാകുമാരിയിൽ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു.
കൊടി, തനി ഒരുവൻ, മിസ്റ്റർ ലോക്കൽ, നാടോടികൾ 2, വാൾട്ടർ അപ്പ തുടങ്ങി പതിമൂന്നോളം തമിഴ് ചിത്രങ്ങളിലും, രാഗിലേ കാശി, ജണ്ട പെെ കപ്പിരാജു എന്നീ തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടു. ഫോറൻസിക് ആയിരുന്നു അവസാന ചിത്രം.
ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.