ബാലഭാസ്‌കറിന്റെ അപകട മരണം സി.ബി.ഐ അന്വേഷിയ്ക്കും
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസ് സി.ബി.ഐ ഏറ്റെടുത്തു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ഇപ്പോള്‍ കേസ് ഏറ്റെടുത്തിരിക്കുന്നത്.
ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ സംശയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് സി.ബി.ഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത ഇല്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.അതേസമയം അപകടം ആസൂത്രിതമാണെന്നും അപകടത്തിന് പിന്നില്‍
സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നും ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ബാലഭാസ്‌കാറിന്റെ മുന്‍ മാനേജര്‍ തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായിരുന്നു. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.