Top Stories

രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകി

ന്യൂഡൽഹി : രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകി. അങ്കണവാടിമുതൽ കോളജ്തലംവരെ സമഗ്രമായി ഉടച്ചുവാർക്കുന്നതാണ് പുതിയ  ദേശീയ വിദ്യാഭ്യാസ നയം. 3 വര്‍ഷത്തെ അങ്കണവാടി, പ്രീ-സ്‌കൂള്‍ പഠനവും 12 വര്‍ഷത്തെ സ്‌കൂള്‍ പഠനവും ചേര്‍ത്ത് 5+3+3+4 പാഠ്യരീതി ഉള്‍പ്പെടെ നിര്‍ദേശിക്കുന്ന നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. അഞ്ചാം ക്ലാസ് വരെ മാതൃ/ പ്രാദേശിക ഭാഷയിലാകണം പഠനം.  മാനവവിഭവശേഷി മന്ത്രാലയം എന്ന പേരുമാറ്റി വകുപ്പിന്റെ പേര് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കും.

നിലവിൽ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത മൂന്നു മുതൽ ആറു വയസ്സുവരെയുള്ള കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാണ് പുതിയ നയം. ഇതോടെ, 10 + 2 ഘടന ഒഴിവാക്കി പകരം 5 + 3 + 3 + 4 എന്ന രീതിയിലാകും പാഠ്യപദ്ധതി. അഞ്ചാംക്ലാസ് വരെ മാതൃഭാഷയിൽ അധ്യയനവും ആറാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പുതിയ നയത്തിന്റെ പ്രത്യേകതയാണ്. 10, 12 ക്ലാസുകളിൽ ബോർഡ് പരീക്ഷകൾ തുടരും.

ഡോ. കസ്തൂരിരംഗൻ അധ്യക്ഷനായ സമിതിയാണ് 1986-ലെ ദേശീയ വിദ്യാഭ്യാസനയം പൊളിച്ചെഴുതിക്കൊണ്ട് പ്രീ സ്കൂൾ (അങ്കണവാടി) മുതൽ 12-ാം ക്ലാസ്‌വരെ സാർവത്രികവിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന നയം തയ്യാറാക്കിയത്.

പാഠ്യവിഷയം, പാഠ്യേതരവിഷയം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിങ്ങനെ കർശന വേർതിരിവുണ്ടാവില്ല. കായികം, യോഗ, നൃത്തം, സംഗീതം, ചിത്രകല, പെയിന്റിങ്, ശില്പനിർമിതി, മരപ്പണി, പൂന്തോട്ടനിർമാണം, ഇലക്‌ട്രിക് ജോലികൾ എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകും.

ആർട്‌സ്, സയൻസ് വേർതിരിവ് കുറച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും പ്രത്യേകിച്ച് സെക്കൻഡറി തലത്തിൽ.

മൂന്നു വയസ്സുമുതൽ വിദ്യാഭ്യാസം തുടങ്ങുന്ന രീതിയിലാണ് പരിഷ്കരണം. മൂന്നു മുതൽ ആറു വയസ്സുവരെയുള്ള മൂന്നുവർഷം പ്രീ സ്കൂൾ കാലമാണ്. ഇതിനൊപ്പം ഒന്നാംക്ലാസും രണ്ടാംക്ലാസും ചേരുന്ന അഞ്ചു വർഷമാണ് ആദ്യഘട്ടം. മൂന്നു മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികൾ ഇതിൽ ഉൾപ്പെടും. മൂന്നു മുതൽ അഞ്ചാം ക്ലാസ് വരെ (8-11 വയസ്സ്) രണ്ടാംഘട്ടം അഥവാ പ്രിപ്പറേറ്ററി സ്റ്റേജ്. അടുത്ത മിഡിൽ സ്റ്റേജിൽ ആറു മുതൽ എട്ടാം ക്ലാസ് വരെ (11- 14വയസ്സ്) ഉണ്ടാകും. പിന്നീടുള്ള സെക്കൻഡറി സ്റ്റേജിൽ ഒമ്പതു മുതൽ 12-ാം ക്ലാസുവരെ (14-18 വയസ്സ്) ഉൾപ്പെടുത്തും.

4 വര്‍ഷത്തെ മള്‍ട്ടി ഡിസിപ്ലിനറി ഡിഗ്രി കോഴ്‌സ്, സര്‍വകലാശാലാ പ്രവേശനത്തിനു പൊതുപരീക്ഷ തുടങ്ങിയവയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍. എംഫില്‍ നിര്‍ത്തലാക്കും.

യുജിസിക്കു പകരം ഉന്നതവിദ്യാഭ്യാസ കമ്മിഷന്‍, മെഡിക്കല്‍-നിയമ മേഖലകളൊഴികെ മുഴുവന്‍ ഉന്നതവിദ്യാഭ്യാസവും ഹയര്‍ എജ്യുക്കേഷന്‍ കമ്മിഷനു കീഴില്‍. യുജിസിക്കു പകരമാണിത്. ഐഐടി, ഐഐഎം നിലവാരത്തില്‍ മള്‍ട്ടി ഡിസിപ്ലിനറി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച് യൂണിവേഴ്‌സിറ്റികള്‍, ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ നാഷനല്‍ റിസര്‍ച് ഫൗണ്ടേഷന്‍, സ്‌കൂള്‍ നിലവാര നിര്‍ണയത്തിന് എസ്‌സിഇആര്‍ടിക്കു കീഴില്‍ സ്‌കൂള്‍ ക്വാളിറ്റി അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ ഫ്രെയിംവര്‍ക്, ഓണ്‍ലൈന്‍ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് മന്ത്രാലയത്തില്‍ പ്രത്യേക വിഭാഗം.

ത്രിഭാഷാ പഠന സംവിധാനത്തില്‍ സംസ്‌കൃതവും ഒരു ഓപ്ഷന്‍. ഇന്ത്യന്‍ ആംഗ്യഭാഷയെ (ഐഎസ്‌എല്‍) രാജ്യമെങ്ങും ഏകരൂപത്തിലാക്കും. ശ്രവണ പരിമിതികളുള്ളവര്‍ക്കു ദേശീയ, സംസ്ഥാന പാഠ്യപദ്ധതികള്‍. വിദ്യാഭ്യാസ അവകാശ നിയമം 3- 18 പ്രായപരിധിയില്‍ പ്രാബല്യത്തിലാകും; നിലവില്‍ ഇത് 6-14 പ്രായപരിധിയിലാണ്.

മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ക്കു രൂപം നല്‍കാന്‍ ‘പരാഖ്’ എന്ന പേരില്‍ ദേശീയ മൂല്യനിര്‍ണയ കേന്ദ്രം.10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ തുടരുമെങ്കിലും അവയുടെ സ്വഭാവത്തില്‍ മാറ്റം വരും. 3,5,8 ക്ലാസുകളിലും നിര്‍ബന്ധിത പരീക്ഷ, സര്‍വകലാശാല, കോളജ് പ്രവേശനത്തിനു നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പൊതുപരീക്ഷ,സ്‌കൂള്‍ തലത്തില്‍ തന്നെ ആര്‍ട്‌സ്, സയന്‍സ് വേര്‍തിരിവും പാഠ്യ, പാഠ്യേതര വേര്‍തിരിവും പരമാവധി കുറയ്ക്കും. പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലെ മികവും കണക്കാക്കിയാകും മൂല്യനിര്‍ണയം.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു നേടിയ അക്കാദമിക് ക്രെഡിറ്റുകള്‍ ഡിജിറ്റലായി സംഭരിക്കാന്‍ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്. ഇത്തരത്തില്‍ നിശ്ചിത ക്രെഡിറ്റിന്റെ അടിസ്ഥാനത്തില്‍ ബിരുദം നേടാം. 4 വര്‍ഷ ഡിഗ്രിയുടെ ഏതു വര്‍ഷവും പഠനം അവസാനിപ്പിക്കാന്‍ സൗകര്യം. ആദ്യ വര്‍ഷം മാത്രമെങ്കില്‍ തൊഴിലധിഷ്ഠിത പഠന സര്‍ട്ടിഫിക്കറ്റ്, രണ്ടാം വര്‍ഷമെങ്കില്‍ ഡിപ്ലോമ, മൂന്നാം വര്‍ഷം ബിരുദം, നാലാം വര്‍ഷം ഗവേഷണാധിഷ്ഠിത ബിരുദം.

2030 ആകുമ്പോഴേക്കും അധ്യാപനത്തിനുള്ള കുറഞ്ഞ യോഗ്യത ബിരുദവും ചേര്‍ത്തുള്ള 4 വര്‍ഷ ഇന്റഗ്രേറ്റഡ് ബിഎഡ് ആകും. അധ്യാപന വിദ്യാഭ്യാസത്തിനു നാഷനല്‍ കൗണ്‍സില്‍ രൂപീകരിക്കും. അധ്യാപകര്‍ക്ക് ദേശീയതലത്തില്‍ പ്രഫഷനല്‍ മാനദണ്ഡങ്ങള്‍ വരും. അധ്യാപകര്‍ക്കു പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കാന്‍ മുതിര്‍ന്നവരും വിരമിച്ചവരുമായ അധ്യാപകരുടെ സേവനം തേടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button