Month: July 2020
- News
ബിഷപ്പ് ഫ്രാങ്കോ സുപ്രീം കോടതിയിൽ വിടുതൽ ഹർജി നൽകി
ന്യൂഡൽഹി : ബലാത്സംഗ കേസിലെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ വിടുതൽ ഹർജി ഫയൽ ചെയ്തു. ഹർജിയിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണം എന്നും ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ട് കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. കന്യാസ്ത്രീ നടത്തിയ ചില സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്തതും തനിക്കെതിരെ പരാതിക്ക് കാരണമായി. കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും ഫ്രാങ്കോയുടെ ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ നേരിടാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ വിചാരണ കോടതിയിൽ ഫ്രാങ്കോ ഹാജർ ആയില്ല. ഇതേ തുടർന്ന് അദ്ദേഹത്തിന് അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ വാറന്റ് പുറപ്പടിവിച്ചിരിക്കുന്ന സാഹചര്യത്തിൽ ആണ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സംസ്ഥാന സർക്കാരും കന്യാസ്ത്രീയും സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. തങ്ങളുടെ വാദം കേൾക്കാതെ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് കന്യാസ്ത്രീയും സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചത്. ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജിക്ക് ഒപ്പം ഈ തടസ്സ ഹർജികളും അടുത്ത ആഴ്ച സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നേക്കും. 2014മുതൽ 2016വരെയുള്ള കാലയളവിൽ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗത്തിനു പുറമെ അന്യായമായി തടഞ്ഞുവയ്ക്കൽ, അധികാര ദുർവിനിയോഗം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, ഭീഷണിപ്പെടുത്തൽ, മേലധികാരമുപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.
Read More » - News
സ്വർണ്ണക്കടത്ത്: മുഖ്യ ആസൂത്രകര്‍ റമീസും സന്ദീപും;അറ്റാഷെയ്ക്കും പങ്ക്
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ ആസൂത്രകര്‍ റമീസും സന്ദീപുമാണെന്ന് രണ്ടാം പ്രതി സ്വപ്ന സുരേഷ്. കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. റമീസും സന്ദീപും പരിചയപ്പെട്ടത് ദുബായില്‍വച്ചെന്നും സ്വപ്ന മൊഴി നല്‍കി.ശിവശങ്കറുമായി സൗഹൃദം മാത്രമാണെന്നും, സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും സ്വപ്ന പറഞ്ഞു. നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണം കടത്തിയത് അറ്റാഷെയുടെ സഹായത്തോടെയാണെന്നും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഓരോ കടത്തിനും അറ്റാഷെയ്ക്ക് 1000 ഡോളര്‍ പ്രതിഫലം നല്‍കിയെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കി. സ്വർണക്കടത്തിന് അറ്റാഷെയ്ക്ക് കൃത്യമായി വിഹിതം നൽകിയിരുന്നുവെന്ന് പ്രതികളായ സരിത്തും സന്ദീപും റമീസും കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്. താന്‍ സരിത്തിനെ പരിചയപ്പെട്ടത് തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോഴാണെന്ന് സന്ദീപ് നായര്‍ മൊഴി നല്‍കി. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താനുള്ള ആസൂത്രണം റമീസിന്റേതാണെന്നും ഇയാള്‍ പറഞ്ഞു.റിയല്‍ എസ്റ്റേറ്റ് സംരഭങ്ങളില്‍ ഇടനിലക്കാരി കൂടിയാണ് സ്വപ്ന സുരേഷ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ബാങ്കില്‍ നിന്ന് കണ്ടെത്തിയ പണം ഇടനിലക്കാരിയായതില്‍ കിട്ടിയ പ്രതിഫലമാണെന്നാണ് സൂചന. സ്വപ്ന നടത്തിയ ഇടപാടുകളെപ്പറ്റി കസ്റ്റംസും എന്‍.ഐ.എയും അന്വേഷണം തുടങ്ങി. സ്വപ്നയുടെ ബാങ്ക് ലോക്കറുകളില്‍ നിന്ന് ഒരു കോടി രൂപയും ഒരു കിലോയോളം സ്വര്‍ണവും അന്വേഷണസംഘം കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വര്‍ണവും ഫെഡറല്‍ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിങ്കളാഴ്ച എന്‍.ഐ.എ ചോദ്യം ചെയ്യും.ശിവശങ്കര്‍ അഭിഭാഷകരുമായി ആശയവിനിമയം നടത്തുന്നതായി സൂചനയുണ്ട്.
Read More » - News
വിവരങ്ങൾ നൽകാൻ ബഹ്‌റയ്ക്ക് കസ്റ്റംസിന്റെ നോട്ടിസ്
കൊച്ചി : സംസ്ഥാനത്തെ മയക്കുമരുന്ന്-കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് പോലീസ് നൽകിയിരുന്നുവെന്ന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മാധ്യമ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ, വിവരങ്ങൾ തങ്ങൾക്കും നൽകണമെന്ന് കസ്റ്റംസ് ബഹ്‌റയ്ക്ക് നോട്ടീസയക്കും. ഇക്കാര്യം അവകാശപ്പെട്ട് ഒരു മാധ്യമത്തിന് ബെഹ്റ അഭിമുഖം നൽകിയിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാനപോലീസിന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും നൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നിയമം 151-ാം വകുപ്പുപ്രകാരമാണ് നോട്ടീസ് അയക്കുക. എൻ.ഐ.എ.യ്ക്ക് വിവരങ്ങൾ നൽകിയെന്നാണ് ബെഹ്റ അഭിമുഖത്തിൽ പറഞ്ഞത്. ഈ വിവരങ്ങൾ തങ്ങൾക്കുനൽകാനും അദ്ദേഹം ബാധ്യസ്ഥനാണെന്നും കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, സംസ്ഥാന പോലീസിൽനിന്ന് കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചില്ലെന്ന് സി.ഐ.എസ്.എഫ്. രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്.
Read More »