ഓഗസ്റ്റ് 10-നുമുമ്പ് ചാനൽ നിരക്ക് കുറയ്ക്കാൻ ട്രായ് നിർദേശം
ഡൽഹി : ഓഗസ്റ്റ് പത്തിനുമുമ്പ് നിരക്ക് കുറയ്ക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചാനലുകൾക്ക് നിർദേശം നൽകി. പേ ചാനലുകളുടെ പരമാവധി നിരക്ക് 19 രൂപയിൽനിന്ന് (നികുതി ഒഴികെ) 12 രൂപയിലേക്ക് കുറയ്ക്കുക എന്നതാണ് ട്രായിയുടെ പുതിയ നിർദേശങ്ങളിൽ പ്രധാനം.
അടിസ്ഥാന നിരക്കായ 130 രൂപയ്ക്ക് 100 എസ്.ഡി. ചാനലുകൾ എന്നത് 200 എണ്ണമാക്കി വർധിപ്പിക്കുക, 200-ൽ കൂടുതൽ ചാനലുകൾ ഉണ്ടെങ്കിലും പരമാവധി നിരക്ക് 160 രൂപയിൽ കൂടരുത്, ഒരുവീട്ടിൽ രണ്ട് ടെലിവിഷൻ ഉപയോഗിക്കുന്നുവെങ്കിൽ ആദ്യത്തേതിന്റെ അടിസ്ഥാന നിരക്കിന്റെ 40 ശതമാനമേ രണ്ടാമത്തേതിന് ഈടാക്കാവൂ, പരമാവധി നിരക്ക് 12 രൂപയിലധികമുള്ള ചാനലുകൾ ഒരു ബൊക്കെയിലും ഉൾപ്പെടുത്തരുത് എന്നിങ്ങനെയാണ് ട്രായിയുടെ പുതുക്കിയ നിർദേശങ്ങളിലുള്ളത്.
ഇക്കഴിഞ്ഞ ജനുവരിയിൽത്തന്നെ ഈ നിർദേശം ട്രായ് മുന്നോട്ടുവെച്ചിരുന്നു. ഇതുപ്രകാരം ജനുവരി 15-നുള്ളിൽ പുതിയ നിരക്കുകൾ പ്രഖ്യാപിക്കാൻ ചാനലുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ട്രായിയുടെ നിർദേശം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ചാനൽ കമ്പനികൾ വിവിധ കോടതികളെ സമീപിച്ചിരുന്നു. കേസ് വിധിപറയാൻ മാറ്റിവച്ചിരിയ്ക്കുകയാണ്. പുതിയ നിർദേശങ്ങൾ കോടതികൾ സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഇതുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.
2019-ലാണ് ചാനൽ നിരക്കുകൾ നിജപ്പെടുത്തിയും അടിസ്ഥാന നിരക്കുകൾ നിർണയിച്ചും ട്രായ് പുതിയ നിയമം കൊണ്ടുവന്നത്. ഉപഭോക്താക്കളുടെ ചെലവ് കുറയ്ക്കുക എന്നതായിരുന്നു ഉദ്ദേശ്യമെങ്കിലും പലയിടത്തും നിരക്ക് കുത്തനെ കൂടി. ഇത് വലിയ പ്രതിഷേധത്തിനു കാരണമായി. ഇത് മറികടക്കാൻവേണ്ടിയാണ് ട്രായ് ജനുവരിയിൽ നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.