സൈന്യവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രക്ഷേപണംചെയ്യാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വേണം
ന്യൂഡൽഹി : സൈന്യവുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ള ദൃശ്യങ്ങൾ പ്രക്ഷേപണംചെയ്യാൻ ഇനിമുതൽ പ്രതിരോധ മന്ത്രാലയത്തിന്റെ എൻ.ഒ.സി നിർബന്ധമാക്കി. ചില വെബ് സീരീസുകളിൽ സായുധ സേനയെ മോശമായി അവതരിപ്പിച്ചുവെന്ന് ആരോപിച്ചുള്ള പരാതികൾക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
സിനിമ/ഡോക്യുമെന്ററി/വെബ് സീരീസ് എന്നിവയിൽ സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ടവർ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് അനുമതി വാങ്ങണമെന്നാണ് നിർദേശം. ഇക്കാര്യം നിർമാതാക്കളെ അറിയിക്കാൻ സെൻട്രൽ ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്, ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, വിവര പ്രക്ഷേപണ മന്ത്രാലയം എന്നിവയ്ക്ക് പ്രതിരോധ മന്ത്രാലയം കത്തയച്ചു.
സൈനിക ഉദ്യോഗസ്ഥരേയും സൈനിക യൂണിഫോമിനേയും അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനെതിരെ പ്രതിരോധ മന്ത്രാലയത്തിന് വ്യാപകമായ പരാതികൾ ലഭിച്ചിട്ടുണ്ട്. തുടർന്ന് ഏറെ കൂടിയാലോചനകൾക്ക് ശേഷമാണ് ഇങ്ങനൊരു തീരുമാനം പ്രതിരോധ മന്ത്രാലയം കൈക്കൊണ്ടത്.