സംസ്ഥാന പോലീസ് ആസ്ഥാനം അടച്ചു
തിരുവനന്തപുരം : സംസ്ഥാന പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. പോലീസ് ആസ്ഥാനത്തെ രണ്ട് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ശുചീകരണം, അണുവിമുക്തമാക്കൽ എന്നിവയ്ക്ക് വേണ്ടിയാണ് പോലീസ് ആസ്ഥാനം അടച്ചത്. ശനി, ഞായർ ദിവസങ്ങളിലേക്കാണ് ആസ്ഥാനം അടച്ചത്.
അതേസമയം, 50 വയസിന് മുകളിലുള്ള പോലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപിയുടെ സർക്കുലർ. 50 വയസിൽ താഴെയാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.
50 വയസിന് മുകളിലുള്ളവരെ കോവിഡ് ഫീൽഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങൾ പരിശോധിക്കുന്നതിനോ നിയോഗിക്കാൻ പാടില്ല, 50 വയസിന് താഴെയുള്ളവരെ നിയോഗിക്കുകയാണെങ്കിൽ അവർക്ക് ഗുരുതരമായ മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണമെന്നും ഡിജിപി നിർദ്ദേശിക്കുന്നു.
പോലീസുകാർ ഡ്യൂട്ടിസമയത്തും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴും ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കണം. കുടുംബാംഗങ്ങളും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോലീസുകാർ വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ സർക്കുലർ വന്നിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 88 പോലീസുകാർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ അധികവും തിരുവനന്തപുരത്താണ്. ഈയൊരു പശ്ചാത്തലം പരിഗണിച്ചാണ് കർശന നിർദ്ദേശം നടപ്പിലാക്കാൻ ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്.