News
രണ്ടുകോടിരൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റിന് സസ്‌പെൻഷൻ
തിരുവനന്തപുരം : വഞ്ചിയൂർ ട്രഷറിയിൽ ജീവനക്കാരൻ രണ്ടുകോടിരൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി വൻ തട്ടിപ്പ്. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലാണ് വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് രണ്ടുകോടിരൂപ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയത്. സംഭവം പുറത്ത് വന്നതിനെ തുടർന്ന് ബിജുലാലിനെ സസ്പെൻഡ് ചെയ്ത് ട്രഷറി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.
61.23 ലക്ഷം രൂപയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ബിജുലാൽ മാറ്റിയത്. 1.37 കോടി രൂപ ട്രഷറിയിലെ അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് പിൻവലിക്കാൻ കഴിഞ്ഞില്ല. ഏപ്രിൽ 20 മുതൽ തട്ടിപ്പ് തുടങ്ങിയെങ്കിലും ജൂലായ് 27-നാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. പ്രാഥമിക പരിശോധനയിൽ ബിജുലാലാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. ശനിയാഴ്ചയാണ് ട്രഷറിവകുപ്പ് പോലീസിൽ പരാതി നൽകിയത്.