Top Stories

ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത് ബ്രിട്ടൻ നാണയം ഇറക്കുന്നു

ലണ്ടൻ : ഇന്ത്യയുടെ മഹാത്മാവിന് ബ്രിട്ടന്റെ ആദരം. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് ഇന്ത്യയെ സ്വാതന്ത്രമാക്കിയ മഹാത്മാഗാന്ധിയെ ആദരിച്ച് ബ്രിട്ടൻ നാണയം പുറത്തിറക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് നാണയം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കറുത്തവര്‍ഗക്കാരുടെയും ഏഷ്യന്‍ വംശജരുടെയും സംഭാവനകള്‍ ഏറെ അംഗീകരിക്കപ്പെടുന്ന സമയത്താണ് മഹാത്മാ ഗാന്ധിയ്ക്കും സ്മാരക നാണയം ഒരുങ്ങുന്നത്. സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ഏഷ്യന്‍ വംശജരെയും കറുത്ത വര്‍ഗക്കാരെയും ആദരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ധനകാര്യ മന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനാക് റോയല്‍ മിന്റ് അഡ്വൈസറി കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വളർച്ചയ്ക്ക് ഏഷ്യൻവംശജരും കറുത്തവർഗക്കാരും ഗോത്രന്യൂനപക്ഷങ്ങളും നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനാക് പറഞ്ഞു.  മഹാത്മാവിന്റെ മുദ്രപതിപ്പിച്ച നാണയം പുറത്തിറക്കാൻ നാണയങ്ങളുടെ രൂപവും ഘടനയും നിർണയിക്കുന്ന സ്വതന്ത്രസമിതി തീരുമാനിച്ചതായും അറിയിച്ചു.

അഹിംസാ സമരത്തിലൂടെ ഇന്ത്യയെ ബ്രിട്ടീഷുകാരില്‍ നിന്ന് മോചിപ്പിച്ച ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ആചരിക്കുന്നത്. 1947 ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് 1948 ജനുവരി 30-ന് രാഷ്ട്രപിതാവ് വധിക്കപ്പെടുകയായിരുന്നു.

അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ വെള്ളക്കാരനായ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ഞെരിച്ച്‌ കൊലപ്പെടുത്തിയതിന് പിന്നാലെ ലോകം മുഴുവന്‍ വര്‍ണ വിവേചനത്തിനെതിരായ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. വിവിധ സംഘടനകൾ വംശീയതയ്ക്കുനേരെ ശക്തമായി പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്. ഈ സമയത്താണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ അതുല്യ വ്യക്തിത്വങ്ങളെ ആദരിക്കാന്‍ ഒരുങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button