News
ട്രഷറി തട്ടിപ്പ്: ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം : വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്റ് എം.ആർ.ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സമ്മറി ഡിസ്മിസൽ വ്യവസ്ഥ പ്രകാരം നോട്ടീസ് നൽകാതെ അടിയന്തിരമായാണ് ധനവകുപ്പിന്റെ നടപടി. ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേർത്ത അവലോകന യോഗത്തിന് ശേഷമാണ് നടപടി. പിരിച്ചുവിടലിന്റെ നടപടിക്രമങ്ങൾ അഞ്ചു ദിവസത്തിനകം പൂർത്തിയാക്കും.
തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരൻ ഒഴികെ മറ്റുള്ള എല്ലാ ഉദ്യോഗസ്ഥരേയും വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് രണ്ടുകോടി രൂപ ബിജുലാൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.ബിജുലാലിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
61.23 ലക്ഷം രൂപയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ബിജുലാൽ മാറ്റിയത്. 1.37 കോടി രൂപ ട്രഷറിയിലെ അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് പിൻവലിക്കാൻ കഴിഞ്ഞില്ല. ഏപ്രിൽ 20 മുതൽ തട്ടിപ്പ് തുടങ്ങിയെങ്കിലും ജൂലായ് 27-നാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. പ്രാഥമിക പരിശോധനയിൽ ബിജുലാലാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. ശനിയാഴ്ചയാണ് ട്രഷറിവകുപ്പ് പോലീസിൽ പരാതി നൽകിയത്.