സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അലംഭാവവും വിട്ടുവീഴ്ചയും സംസ്ഥാനത്ത് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കി. ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേനെ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ പിന്നീട് അങ്ങോട്ട് ക്വാറന്റീന്‍, സാമൂഹിക അകലം തുടങ്ങിയ പാലിക്കുന്നതിതിന്റെ ഗൗരവം നിലനിര്‍ത്തിപ്പോരുന്നതില്‍ എല്ലാവരുടെയും ഭാഗത്തുനിന്നും അലംഭാവം ഉണ്ടായി. പൊതുവില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ പുലര്‍ത്തേണ്ട ഗൗരവം കുറഞ്ഞതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് വഴിവെച്ചത്. പരാതികള്‍ ഉയര്‍ന്നാലും ഇനി കര്‍ശന നടപടിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നല്ല മാതൃകയുടെ ഭാഗമായി മഹാമാരിയെ നേരിടുമ്പോൾ രാജ്യവും ലോകവും പലഘട്ടങ്ങളിലും കേരളത്തിന്റെ പേര് എടുത്തു പറഞ്ഞിരുന്നു. ഇതിന് കാരണം സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമായിരുന്നുവെന്നതുകൊണ്ടാണ്. മഹാമാരിയെ നേരിടുന്നതിന് എല്ലാവരുടെയും ഭാഗത്തുനിന്ന് വലിയതോതിലുള്ള പിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കുറച്ചുനാൾ കഴിഞ്ഞപ്പോൾ നമ്മുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായി. അത് രോഗം പടരുന്നതിന് ഇടയാക്കി.
ഈ മഹാമാരിയെ പിടിച്ചുകെട്ടിയേ പറ്റു. രോഗം പകരാതിരിക്കാനുള്ള മുൻകരുതൽ പ്രധാനമാണ്. ഈ മുൻകരുതൽ മുമ്പ് നല്ലരീതിയിൽ സ്വീകരിച്ചിരുന്നു. പല കാരണങ്ങൾകൊണ്ട് ഇതൊന്നും സാരമില്ലെന്ന സന്ദേശം ഉണ്ടാകുന്നതിന് ഇടയാക്കി. അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്ന് നാം കുറ്റബോധത്തോടെ ഓർക്കണമെന്നും. ഇനിയെങ്കിലും ഇതിനെ തടയാൻ ഒരേ മനസോടെ നീങ്ങാൻ എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്നും അദ്ദേഹം പറഞ്ഞു.